സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് 47 ദിവസത്തെ ട്രോളിങ് നിരോധനം നിലവില്‍വന്നു. നിരോധനം ലംഘിച്ച് കടലിലിറങ്ങുന്ന ബോട്ടുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 12 നോട്ടിക്കല്‍ മൈല്‍ വരെ പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനത്തിന് നിരോധനമില്ല.
നിരോധനം ലംഘിക്കുന്ന യാനങ്ങളെയും അതിലെ ജീവനക്കാരെയും കസ്റ്റഡിയിലെടുക്കും. വിദേശ ട്രോളറുകളെയും അനുവദിക്കില്ല. മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാന്‍ തീരത്ത് മറൈന്‍ എന്‍ഫോഴ്സ്മെന്റും കടലില്‍ തീരദേശസേനയും നിലയുറപ്പിച്ചിട്ടുണ്ട്. ബോട്ടുകള്‍ക്ക് ഇന്ധനം നല്കരുതെന്നു തീരത്ത് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 31ന് നിരോധനം അവസാനിക്കും.
നീണ്ടകരയില്‍ ട്രോളിങ് ബോട്ടുകള്‍ ഇന്നലെ അര്‍ധരാത്രിയോടെ ചങ്ങലയിട്ടു ബന്ധിച്ചു. ഇതര സംസ്ഥാനത്തു നിന്നുള്ള ബോട്ടുകള്‍ തീരം വിട്ടു പോകാന്‍ തുടങ്ങിയിട്ടുണ്ട്. തങ്കശേരി, നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
കൊച്ചി, മുനമ്പം അഴിമുഖങ്ങളില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പട്രോളിങ് ശക്തമാക്കി. ഇതിനായി കൊച്ചിയിലും മുനമ്പത്തുമായി മൂന്ന് ഫിഷിങ് ബോട്ടുകള്‍ വാടകയ്ക്കെടുത്ത് മുഴുവന്‍ സമയ പട്രോളിങ്ങിനായി സജ്ജമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."