കൈത്താങ്ങാകേണ്ടവര്‍ കൈയൊഴിയുമ്പോള്‍
പ്രായമാകുന്നത് പേടിപ്പെടുത്തുന്ന അവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ് ഇക്കാലത്ത്. മരണം അടുത്തെത്തുന്നുവെന്നതല്ല പ്രശ്‌നം. യൗവനത്തിലും മധ്യവയസ്സിലും നട്ടെല്ലുവളയ്ക്കാതെ സ്വന്തം കാലില്‍ നിന്നവര്‍ക്കുപോലും ആരോഗ്യം ക്ഷയിക്കുന്ന വേളയില്‍ സ്വന്തം കുടുംബത്തില്‍പ്പോലും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കു വിധേയരാകേണ്ട അവസ്ഥ വര്‍ധിക്കുകയാണ്. അവഗണനയുടെയും അസ്വാതന്ത്ര്യത്തിന്റെയും സന്തോഷനിരാസത്തിന്റെയും തടവറയില്‍ കഴിയാന്‍ വിധിക്കപ്പെടുകയാണ് ആഗോളതലത്തില്‍ തന്നെ വൃദ്ധജനത.
ഇത്തരമൊരു ഭീതിതമായ അവസ്ഥയുണ്ടാക്കുന്ന സാമൂഹികവിപത്തില്‍നിന്നു രക്ഷയ്ക്കായാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 15 'വൃദ്ധര്‍ക്കെതിരേയുള്ള അക്രമത്തിനെതിരായ ബോധവല്‍ക്കരണ ദിന'മായി ആചരിക്കാന്‍ തീരുമാനിച്ചത്. വൃദ്ധജനതയോടു മനുഷ്യത്വരഹിതമായ രീതിയില്‍ പെരുമാറുന്നതും ശാരീരിക, മാനസികപീഡനങ്ങള്‍ക്ക് അവരെ വിധേയരാക്കി സാമൂഹികജീവിതത്തില്‍നിന്നു ബഹിഷ്‌കൃതരാക്കുന്നതും മാറ്റിയെടുത്ത് സൗഹാര്‍ദത്തോടെയും മനുഷ്യത്വത്തോടെയും പെരുമാറുന്നതിനു പുത്തന്‍തലമുറയെ പ്രാപ്തരാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.
ആരോഗ്യരംഗത്തെ ആധുനികചികിത്സാരീതികളും രോഗപ്രതിരോധ നടപടികളും മരണനിരക്കു കുറയാന്‍ സഹായിച്ചുവെന്നത് സത്യമാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതോടെ വൃദ്ധജനങ്ങളുടെ അനുപാതം ദ്രുതഗതിയില്‍ വര്‍ധിക്കുകയും ചെയ്തു. 1995 മുതല്‍ ഇതുവരെയുള്ള അനുപാതക്കണക്കു പരിശോധിച്ചാല്‍ 2025 ആവുമ്പോഴേക്കും വൃദ്ധജനങ്ങളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
പ്രായമായവരുടെ ആവശ്യങ്ങള്‍ അവകാശമായി പരിഗണിച്ചു വേണ്ടകാര്യങ്ങള്‍ ചെയ്യുന്നതിന് ഭരണകൂടം ബാധ്യസ്ഥമാണെന്നു ഭരണഘടന അനുശാസിക്കുന്നു. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് ഇവിടെ 2007 ല്‍ 'മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ്
ആക്ട് 'ഇവിടെ നിലവില്‍വന്നത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടത് മക്കളുടെ നിയമപരമായ ബാധ്യതയാണെന്ന് ഈ ആക്ടില്‍ പറയുന്നുണ്ട്.
വൃദ്ധരുടെ ജീവിതവും വസ്തുവകകളും സംരക്ഷിക്കപ്പെടണമെന്നു നിയമം അനുശാസിക്കുന്നു. മക്കള്‍ ആ ബാധ്യത നിറവേറ്റുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ നിയമസംരക്ഷണത്തോടെ ട്രൈബ്യൂണലിനെ സമീപിച്ച് നഷ്ടപരിഹാരമുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ വൃദ്ധര്‍ക്ക് അവകാശമുണ്ട്. പരമാവധി മൂന്നുമാസത്തിനിടയ്ക്കു തീര്‍പ്പുകല്‍പ്പിച്ച് പുനരധിവാസത്തിനു വഴിയൊരുക്കും.
നമ്മുടെ നാട്ടില്‍ പ്രായമായവരില്‍ ഏകദേശം 10ല്‍ ആറുപേരും മക്കളോടൊപ്പമാണു താമസിക്കുന്നത്. ഇതില്‍ 40 ശതമാനം പേരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അക്രമത്തിനു വിധേയമാകുന്നുണ്ടെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. മക്കളും മരുമക്കളും അടുത്തബന്ധുക്കളും തന്നെയാണ് മിക്കവാറും വൃദ്ധരെ പീഡിപ്പിക്കുന്നത്. എന്നാല്‍, ഇത്തരം അക്രമങ്ങളില്‍ ആറിലൊന്നു മാത്രമേ പുറത്തറിയുന്നുള്ളൂ.
ഉറ്റവരാല്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കു വിധേയരായി തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നവരെ സംരക്ഷിക്കാന്‍ ഓരോ സംസ്ഥാനത്തും ജില്ലയില്‍ ഒന്ന് എന്ന നിലയിലെങ്കിലും പുനരധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നു നിയമം അനുശാസിക്കുന്നു. അതുപക്ഷേ, പാലിക്കപ്പെടുന്നില്ല. പ്രായമുള്ളവര്‍ക്കു ബസ്സിലും ട്രെയിനിലും വിമാനത്തിലുമെല്ലാം പരിഗണനയും യാത്രാ ഇളവും നല്‍കുന്നുണ്ട്. എന്നാല്‍, വയോവൃദ്ധര്‍ ഉടയവരാലാണു നിഷ്‌കാസിതരാകുന്നതെന്നു ചിന്തിക്കണം.
രക്തബന്ധങ്ങള്‍ക്കും മാനുഷികമൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കാത്തവിധം അണുകുടുംബവ്യവസ്ഥ ശക്തിപ്പെട്ടതാണ് ഇതിനു കാരണം. കുടുംബത്തില്‍ എല്ലാവരും ജോലിക്കു പോകുന്നതും മറ്റൊരു കാരണമാണ്. ജോലിസ്ഥലത്തോട് അടുത്ത താമസസ്ഥലമൊരുക്കല്‍, യാത്ര, മാനസികസംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം കാരണങ്ങളാകുന്നുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇത്തരം കാരണങ്ങള്‍ അതിനെല്ലാം വൈതരണി സൃഷ്ടിക്കുന്നു.
ആരോഗ്യമുള്ള കാലത്തു കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട തങ്ങള്‍ക്കു കുടുംബാംഗങ്ങളില്‍നിന്നു തിക്താനുഭവമുണ്ടാകുമ്പോള്‍ പ്രായമായവരുടെ പെരുമാറ്റവും അതനുസരിച്ചു മാറും. ഇതു പ്രശ്‌നം സങ്കീര്‍ണമാക്കും. വൃദ്ധരായ മാതാപിതാക്കള്‍ക്കു തങ്ങളുടെ സാമീപ്യം ആവശ്യമില്ലെന്നും സാമ്പത്തികസഹായം മാത്രം മതിയെന്നും മക്കള്‍ക്കു തോന്നുന്നത് അവര്‍ തങ്ങളുടെ അണുകുടുംബത്തില്‍ അധികപ്പറ്റായി പരിഗണിക്കപ്പെടുന്നതിനു ന്യായീകരണമാകുന്നു.
കുടുംബങ്ങള്‍ക്കിടയിലെ ഇഴയടുപ്പം നിലനിര്‍ത്തുന്നതിനു നവമാധ്യമങ്ങള്‍ പലപ്പോഴും വിഘാതമാകാറുണ്ട്. ആത്മബന്ധം വളര്‍ത്തേണ്ട ആശയവിനിമയത്തിനു പകരമായി നവമാധ്യമങ്ങള്‍ പലപ്പോഴും തെറ്റായ സന്ദേശങ്ങളാണു പ്രചരിപ്പിക്കുന്നത്. തുറന്ന ആശയവിനിമയത്തിലൂടെ ആത്മബന്ധം ശക്തിപ്പെട്ടിരുന്ന പഴയകാലത്തെ ഓര്‍മകള്‍ ഇക്കാലത്ത് അന്യമായി കഴിഞ്ഞിട്ടുണ്ട്. വാര്‍ധക്യത്തില്‍ സ്വാഭാവികമായ ശാരീരികാവശതയോടൊപ്പം മനസിനെ തകര്‍ക്കുന്ന കാര്യങ്ങള്‍ കൂടിയാകുമ്പോള്‍ ആര്‍ക്കും സഹിക്കാനാവില്ല.
പുതുതലമുറയുടെ ജീവിതവീക്ഷണത്തോടുള്ള സമവായത്തിലൂടെയും സഹനശക്തിയിലൂടെയും യുക്തിപരമായി പുതുതലമുറയോടു സംവദിക്കാനുള്ള ശേഷിയിലൂടെയും കുറെയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍ കഴിയും. വാര്‍ധക്യം രോഗമല്ലെന്നും ആര്‍ക്കും നേരിടേണ്ടിവരുന്ന സ്വാഭാവികാവസ്ഥയാണെന്നും തിരിച്ചറിഞ്ഞാല്‍ നിരാശയില്‍നിന്നു മുക്തരാകാന്‍ കഴിയും. പ്രായമായവരുടെ സുരക്ഷിതത്വം തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ബാധ്യതയല്ലെന്നും കടമയാണെന്നുമുള്ള തിരിച്ചറിവു യുവതലമുറയ്ക്കും ഉണ്ടായാല്‍ സാമൂഹികബന്ധങ്ങളുടെ ഇഴയടുപ്പം തിരിച്ചുകിട്ടാനുള്ള മറുമരുന്നായി.
അനുഭവങ്ങളിലൂടെ നേടിയെടുത്ത അറിവ് അടുത്ത തലമുറയ്ക്കു പകര്‍ന്നുകൊടുത്തിരുന്ന വലിയ കുടുംബകൗണ്‍സിലര്‍മാരായിരുന്നവര്‍ ഭ്രഷ്ട് കല്‍പിക്കപ്പെട്ടപ്പോഴാണ് ബന്ധങ്ങളുടെ രീതിശാസ്ത്രം നഷ്ടമായത്. ചെറുപ്പത്തില്‍ രക്ഷിതാക്കളുടെ ലാളന ലഭിക്കേണ്ട കുട്ടികള്‍ ക്രഷുകളിലേക്ക് അയക്കപ്പെടുന്നതിന്റെ തനിയാവര്‍ത്തനം പോലെയായി വാര്‍ധക്യംബാധിച്ചവരെ വൃദ്ധസദനത്തിലേക്കു നടതള്ളുന്നത്. നിയമത്തിന്റെയും ട്രൈബ്യൂണലിന്റെയും ചിട്ടവട്ടങ്ങളില്‍നിന്നു ധാര്‍മികതയിലേക്കുള്ള തിരിച്ചുനടത്തമാണ് ഇക്കാര്യത്തില്‍ കാലം ആവശ്യപ്പെടുന്നത്. ഏതൊരു വ്യക്തിയുടെയും അനിവാര്യാവസ്ഥയായ വാര്‍ധക്യത്തിനെ കൈത്താങ്ങേണ്ടവരാണ് ആ ദശയില്‍ എത്തിപ്പെടാത്ത ഓരോരുത്തരുമെന്ന സന്ദേശം ശക്തമായി പ്രചരിപ്പിക്കേണ്ടതുണ്ട്. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആകുലതകളുടെ ഒരംശമെങ്കിലും പ്രായാധിക്യമുള്ളവരുടെ സാന്ത്വനത്തിനായി മാറ്റിവയ്ക്കണം. വാര്‍ധക്യത്തിന്റെ ഭാവപ്പകര്‍ച്ചകളെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് പരുവപ്പെടുന്നിടത്താണു കുടുംബം വിജയിക്കുന്നത്.
പരാശ്രയവും അഗീകാരവും എപ്പോഴും ആവശ്യമാണെന്ന ദുര്‍ബല ചിത്തം ഒഴിവാക്കിയാല്‍ തങ്ങള്‍ അരക്ഷിതരാണെന്ന ചിന്തയെ അതിജീവിക്കാന്‍ ഒരു പരിധിവരെ പ്രായമായവര്‍ക്കു കഴിയും. തങ്ങളോടുള്ള അവഗണനയല്ല പലതും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നുള്ള തിരിച്ചറിവ് ഇത്തരക്കാര്‍ക്കുണ്ടാകണം.
നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുന്നതു നല്ലതുതന്നെ. അതോടൊപ്പം സമൂഹത്തിന്റെ മനോഭാവത്തിലെ മാറ്റമാണ് അനിവാര്യം. പോയകാലത്തു കുടുംബത്തിനും സമൂഹത്തിനും നിരവധി സംഭാവനകള്‍ നല്‍കിയവര്‍ മാന്യമായി പരിചരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ സമൂഹമനഃസാക്ഷി മാറണമെന്നാണ് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."