ടി.പി കേസ് പ്രതികള്‍ക്ക് വി.ഐ.പി പരിഗണന: സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് എന്‍.വേണു
വടകര: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി.പി കേസ് പ്രതികളുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ആവശ്യപ്പെട്ടു.
കേവലം ജീവനക്കാരുടെ മാത്രം കുറ്റമല്ലെന്നും അഭ്യന്തര വകുപ്പിന്റെ പ്രത്യേക താല്‍പര്യം ഇതിന് പിന്നിലുണ്ടെന്നും വേണു ആരോപിച്ചു. വിയ്യൂര്‍, കണ്ണൂര്‍ ജയിലുകളിലും ടി.പി കേസ് പ്രതികള്‍ക്ക് വി.ഐ.പി പരിഗണന ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി പോലും പ്രതികളില്‍ പലര്‍ക്കും അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് നേരത്തെ വ്യക്തമാക്കപ്പെട്ടതാണ്.
ടി.പി കേസ് പ്രതിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ കുഞ്ഞനന്തന്‍ തനിക്ക് വേണ്ടപ്പെട്ടവനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചതാണ്. പാര്‍ട്ടിയും സര്‍ക്കാരും കൊലയാളികളെ സംരക്ഷിക്കുമെന്ന ഉറപ്പാണ് ഇവിടെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്നത്.
അതിനാല്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല, ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും ഏതൊക്കെ നേതാക്കളുമായി കൊലക്കേസ് പ്രതികള്‍ ജയിലില്‍ നിന്ന് ബന്ധപ്പെട്ടു എന്നത് പുറത്ത് കൊണ്ടുവരാന്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് വേണു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."