അട്ടപ്പാടിയെ രാജ്യത്തെ സമ്പൂര്‍ണ സാക്ഷരത നേടുന്ന ആദ്യ ആദിവാസി ബ്ലോക്കായി പ്രഖ്യാപിക്കും
#ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറം: രാജ്യത്തെ സമ്പൂര്‍ണ സാക്ഷരതാ ബ്ലോക്കായി അട്ടപ്പാടിയെ പ്രഖ്യാപിക്കും. 2020 ജൂണില്‍ ഇതുസംബന്ധിച്ചു പ്രഖ്യാപനമുണ്ടാകും. അട്ടപ്പാടി ബ്ലോക്കിലെ മൂന്നു ഗ്രാമപഞ്ചായത്തുകളിലായി 5031 നിരക്ഷരരുണ്ടെന്നാണ് ആദ്യഘട്ട സര്‍വേയില്‍ കണ്ടെത്തിയത്. 2016ല്‍
ഇവര്‍ക്കായി പ്രത്യേക സാക്ഷരതാ തുല്യതാ പരിപാടിയ്ക്ക് തുടക്കം കുറിച്ചിരുന്നു. 1117 പേര്‍ ആദ്യഘട്ടത്തിലും 2553 പേര്‍ രണ്ടാംഘട്ടത്തിലുമായി മൊത്തം 3670 പേര്‍ സാക്ഷരരായതായാണ് വിലയിരുത്തല്‍. അവശേഷിക്കുന്ന 1361 പേര്‍ക്കു ഈമാസം 27 മുതല്‍ മൂന്നാംഘട്ട സാക്ഷരതാ പദ്ധതി തുടങ്ങും. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ജൂണില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശം. അട്ടപ്പാടിയെ സമ്പൂര്‍ണ സാക്ഷരതാ ബ്ലോക്കായി പ്രഖ്യാപിക്കുന്നതോടെ ഈ കീര്‍ത്തി നേടുന്ന രാജ്യത്തെ ആദ്യ ആദിവാസി ബ്ലോക്കെന്ന ഖ്യാതി അട്ടപ്പാടിക്കായിരിക്കും. തൊണ്ണൂറ് ശതമാനത്തിനുമേല്‍ സാക്ഷരത നേടിയാല്‍ ആ പ്രദേശത്തെ സമ്പൂര്‍ണ സാക്ഷരതാ പ്രദേശമായി പ്രഖ്യാപിക്കാമെന്നാണ് യുനെസ്‌കോ മാനദണ്ഡം.
അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുത്തൂര്‍ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ 192 ഊരുകള്‍ കേന്ദ്രീകരിച്ചാണ് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 576 പേര്‍ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ചു.
അട്ടപ്പാടിയിലെ പ്രത്യേക സാക്ഷരതാ തുല്യതാ പദ്ധതിക്കായി മൊത്തം 275 ഇന്‍സ്ട്രക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 218 ഇന്‍സ്ട്രക്ടര്‍മാര്‍ ആദിവാസികളാണ്. വ്യത്യസ്ത ഗോത്രഭാഷകള്‍ സംസാരിക്കുന്ന ആദിവാസികള്‍ക്കിടയില്‍നിന്നു തന്നെ ഇന്‍സ്ട്രക്ടര്‍മാരെ നിയോഗിച്ചതാണ് പദ്ധതിയെ ഫലപ്രദമാക്കുന്നത്. ഇന്‍സ്ട്രക്ടര്‍മാരില്‍ 211 പേര്‍ സ്ത്രീകളാണ്. പഠിതാക്കളുടെ സൗകര്യം നോക്കിയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. വൈകിട്ടും രാത്രിയിലുമാണ് ഊരുകളില്‍ ഓരോ മണിക്കൂര്‍ ക്ലാസ് നടത്തുന്നത്. കൂടാതെ തൊഴിലുറപ്പ് സ്ഥലങ്ങളില്‍ ഉച്ചസമയത്തും ക്ലാസ് നടത്തും. 15 മുതല്‍ 25 പേര്‍ ക്രമത്തിലാണ് ക്ലാസ് ഒരുക്കുന്നത്.
സമ്പൂര്‍ണസാക്ഷരതാ ലക്ഷ്യത്തോടൊപ്പം നവസാക്ഷരര്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം ഒരുക്കുമെന്നും പത്രങ്ങളും ആനുകാലികങ്ങളും സൗജന്യമായി ലഭ്യമാക്കി, സ്ഥിരമായി വായനാ സൗകര്യം ഊരുകളില്‍ ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ആലോചിച്ച് പദ്ധതി തയാറാക്കുമെന്നും സാക്ഷരതാമിഷന്‍ ഡയരക്ടര്‍ ഡോ.പി.എസ് ശ്രീകല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."