പ്രീ-പെയ്ഡ് ടാക്സികള്ക്കെതിരേയുള്ള വ്യാജ പ്രചാരണം അവസാനിപ്പിക്കണം
കോഴിക്കോട്: വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്സികള്ക്കെതിരേയുള്ള വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് കോഡിനേഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിമാനത്താവളം വരുന്നതിനായി ജീവിതമാര്‍ഗം തന്നെ ഉപേക്ഷിച്ച് ഭൂമി വിട്ടു നല്കിയവരാണ് 28 വര്‍ഷമായി കരിപ്പൂരില്‍ പ്രീ- പെയ്ഡ് ടാക്സി സര്‍വിസ് നടത്തുന്നത്. തൊഴിലാളി രംഗത്തെ മുഴുവന്‍ സംഘടനകളും ഒന്നിച്ചാണ് സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്നത്. ആരംഭം മുതല്‍ ടെന്‍ഡര്‍ മുഖേനയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ടാക്സി സര്‍വിസിന് കോണ്‍ട്രാക്ട് നല്‍കുന്നത്. ഈ ഇനത്തില്‍ വര്‍ഷം തോറും ഭീമമായ ഒരു സംഖ്യ അതോറിറ്റിക്ക് തൊഴിലാളികള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കുറഞ്ഞ നിരക്കില്‍ സര്‍വിസ് നടത്തുമെന്ന വ്യാജ പ്രചാരണത്തോടെ ഓണ്‍ലൈന്‍ ടാക്സി സംവിധാനം രംഗത്തു വരികയായിരുന്നു. ഓണ്‍ലൈന്‍ സംവിധാനത്തില്‍നിന്നു വ്യത്യസ്തമായി ഇവിടെയുള്ള ട്രിപ്പുകള്‍ മാത്രമാണ് തങ്ങളുടെ ഉപജീവന മാര്‍ഗം. തങ്ങള്‍ക്ക് ട്രിപ്പ് അനുവദിച്ചിടങ്ങളില് നിന്നു മാത്രമാണ് തൊഴിലെടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തങ്ങള്‍ക്കെതിരേ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചിലര്‍. ഓണ്‍ലൈന്‍ ടാക്സിക്കാര്‍ ഉണ്ടാക്കിയ പ്രശ്നങ്ങളില്‍ കോഴിക്കോട് വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ തീര്‍ത്തും നിരപരാധികളാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം.കെ കരീം, യു. പോക്കര്, സി. അബ്ദുറഹ്മാന്, കോയമോന്, പി. ഫനീഫ, ടി.പി കുഞ്ഞാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."