മലമാനിനെ വേട്ടയാടിയ കേസ്; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
മേപ്പാടി: മലമാനിനെ വേട്ടയാടിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. പുത്തുമല അമ്പലം വീട്ടില്‍ മുസ്തഫ, പനമരം കാവാടം മങ്കരത്തൊടിയില് മിഥിലാജ് പിടിയിലായത്.
ഇവരില്‍ നിന്ന് ഇറച്ചി മുറിക്കാനുപയോഗിച്ച കത്തിയും മറ്റനുബന്ധ സാമഗ്രികളും വനം വകുപ്പ് പിടിച്ചെടുത്തു.
ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. നേരത്തെ കേസിലെ പ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങുകയും മറ്റുള്ളവരെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സൗത്ത് വയനാട് ഡിവിഷനില്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചില്‍ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന ചുളുക്ക എസ്റ്റേറ്റ് പാടിയില്‍ നിന്നും അനധികൃതമായി മലമാനിന്റെ ഇറച്ചി ശേഖരിച്ച കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഴുവന്‍ പ്രതികളും പിടിയിലായത്.
നേരത്തെ അറസ്റ്റിലായവരില്‍ നിന്നും വന്യമൃഗത്തിന്റെ ഇറച്ചിയും വെടി വെക്കാനുപയോഗിച്ച നാടന്‍ കള്ളതോക്കും തിരകളും മറ്റായുധങ്ങളും പിടിച്ചെടുത്തിരുന്നു.
അനധികൃതമായി കള്ളത്തോക്കുപയോഗിച്ച് പച്ചക്കാട് ഭാഗത്തു നിന്നുമാണ് ഏഴംഗ സംഘം മലമാനിനെ വെടി വെക്കുകയും ഇറച്ചി പങ്കിട്ടെടുത്ത ശേഷം ജഡാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തത്.
കേസിലെ പ്രധാന പ്രതിയായ ചുളിക്ക സ്വദേശി മങ്കരത്തൊടിയില് അബൂതാഹിര്‍ (27) നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറായ കെ. ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.പി അഭിലാഷ്, ഷിജു ജോസ്.പി, ടി.പി വേണുഗോപാലന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ പി. ഗിരീഷ്, എം. മോഹന്‍ദാസന്‍, കെ. ബാബു, കെ.ആര് വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജോമിഷ് കെ. ജോണി, ബി സംഗീത്, ഗണേഷ് ബാബു, എം.സി ബാബു, എം.ബി മോഹനന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."