ഹൈക്കോടതി ഏര്‍പ്പെടുത്തിയ കമ്മിഷന് പരിശോധന നടത്തി
തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത നിര്‍മാണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ കമ്മീഷന് പരിശോധന നടത്തി. അഡ്വ. കെ.ആര്. സുനിലിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ മണ്ണുത്തിയില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്.
നാഷ്ണല്‍ ഹൈവേ അഥോറിട്ടിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റോഡ് നിര്‍മാണം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കമ്മീഷനെ നിയമിച്ചത്. പരാതിക്കാരനും സ്ഥലത്തെത്തിയിരുന്നു.
റോഡരികിലെ അപകടകരമായ പലയിടത്തും സുരക്ഷാ വേലിയും ആള്‍മറയും സ്ഥാപിച്ചിട്ടില്ല, ഫ്ളൈ ഓവറും അടിപ്പാതയും നിര്‍മാണം നടക്കുന്നിടത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കായി നെറ്റ് കെട്ടിയിട്ടില്ല, നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മൂടിയ തോടുകള്‍, ഗതാഗതം ക്രമീകരിക്കുന്നതിനുള്ള ബോര്‍ഡുകളുടെയും റിഫ്ളക്ടറുകളുടെയും അഭാവം തുടങ്ങിയവ പരാതിക്കാരന് നേരിട്ട് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗിക്കുന്ന ദേശീയപാതയില്‍ പ്രധാന കേന്ദ്രങ്ങളായ മണ്ണുത്തി, മുളയം റോഡ്, തോട്ടപ്പടി, മുടിക്കോട്, ചെമ്പൂത്ര, പട്ടിക്കാട്, കല്ലിടുക്ക്, വാണിയമ്പാറ, ചുവന്നമണ്ണ്, കുതിരാന്‍, കൊമ്പഴ, വാണിയമ്പാറ തുടങ്ങിയ ഇടങ്ങളില്‍ കമ്മീഷന് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."