കൂരാച്ചുണ്ടില്‍ കൊതുക് നശീകരണത്തിന് ശുചീകരണ യജ്ഞം
കോഴിക്കോട്: പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ച കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കൊതുകു നശീകരണത്തിനായി ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്താന്‍ എം.പി, ജില്ലാ കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. 15 മുതല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മുഴുവന്‍ വീടുകളും കയറി കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ യു.വി ജോസ് സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തു. ശുചീകരണ യജ്ഞത്തില്‍ മുഴുവന്‍ നാട്ടുകാരും പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പരിസര ശുചീകരണം നടത്താത്തതിന്റെ ദുരന്തമാണ് അനുഭവിക്കുന്നതെന്ന് എം.കെ രാഘവന് എം.പി യോഗത്തില്‍ പറഞ്ഞു.
16ന് പഞ്ചായത്ത് ഹാളില്‍ ഹോമിയോ മെഡിക്കല്‍ ക്യാംപ് നടത്തും. കൂരാച്ചുണ്ട് സി.എച്ച്.സി ഒ.പിയില്‍ ഒരു ഡോക്ടറെ അധികമായി നിയമിച്ചിട്ടുണ്ട്. കൂടാതെ ജൂലൈ മൂന്നു വരെ സി.എച്ച്.സിയില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും.
യോഗത്തില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ്, വൈസ് പ്രസിഡന്റ് ഒ.കെ അഹമ്മദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആശാദേവി, എന്‍.ആര്.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, മെഡിലാബ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഹംസ മേലടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."