ഹോസ്ദുര്‍ഗ് ബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-ലീഗ് സീറ്റ് ചര്‍ച്ച വഴിമുട്ടി
കാഞ്ഞങ്ങാട്: ഡിസംബര്‍ രണ്ടിനു നടക്കുന്ന ഹോസ്ദുര്‍ഗ് സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ നിലവിലുള്ള സഖ്യത്തില്‍നിന്നു ബി.ജെ.പിയെ ഒഴിവാക്കി മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടി നില്‍ക്കുന്നു. കാല്‍നൂറ്റാണ്ടായി കോ-ലീ-ബി സഖ്യമാണ് ഹൊസ്ദുര്‍ഗ് ബാങ്ക് ഭരിക്കുന്നത്.
ഇത്തവണ ബി.ജെ. പിയെ ഒഴിവാക്കിയിട്ടും ബാങ്ക് ഭരണം കൈയിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും മുസ്‌ലിം ലീഗും. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച എവിടെയും എത്താതെ അലസി പിരിഞ്ഞതോടെ പ്രശ്‌നം രണ്ടു പാര്‍ട്ടികളും അവരുടെ ജില്ലാ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. 13 സീറ്റുകളിലേക്കാണ് ഇവിടെ മത്സരം. നിലവില്‍ കോണ്‍ഗ്രസ് 6, ബി.ജെ.പി 4, മുസ്‌ലിം ലീഗ് 3 എന്നിങ്ങനെയാണ് കക്ഷിനിലയുള്ളത്. ബി.ജെ.പിയുമായി ബന്ധം വിടുന്നതോടെ അധികം വരുന്ന നാലുസീറ്റുകള്‍ കോണ്‍ഗ്രസിനും ലീഗിനും വീതിച്ചെടുക്കാം. അതുപ്രകാരം രണ്ടുസീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം.
എന്നാല്‍ മുസ്‌ലിം ലീഗിന് ഒരു സീറ്റ് മാത്രമേ അധികം നല്‍കാന്‍ കഴിയൂവെന്നതാണ് കോണ്‍ഗ്രസ് നിലപാട്. അധികമുള്ള മറ്റു മൂന്നുസീറ്റുകളില്‍ ഒരെണ്ണം കോണ്‍ഗ്രസിലെ ഗോപി ഗ്രൂപ്പിനു നല്‍കാനാനാണത്രെ ഇത്.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അരഡസനോളം ഗ്രൂപ്പുകളാണുള്ളത്. എയും ഐയും കൂടാതെ ഗോപി ഗ്രൂപ്പ്, പ്രഭാകരന്‍ ഗ്രൂപ്പ്, എം.സി ജോസിന്റെ സുധീരന്‍ ഗ്രൂപ്പ് ഇങ്ങനെ പോകുന്നു കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ നിര. ഈയിടെ കഴിഞ്ഞ ഭവനിര്‍മാണ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ഗോപി ഗ്രൂപ്പ് , കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സഹായിച്ചിരുന്നുവെന്നും ഇതിന്റെ പ്രത്യുപകാരമായി ഗോപി ഗ്രൂപ്പിന് ഒരു സീറ്റ് നല്‍കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു.
രണ്ടുതവണ ഡയറക്ടര്‍മാരായവര്‍ മത്സരത്തില്‍നിന്നു മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. ഹോസ്ദുര്‍ഗ് ഭവന നിര്‍മാണ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ഇതുപാലിക്കപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് ഹോസ്ദുര്‍ഗ് ബാങ്ക് തെരഞ്ഞെടുപ്പിലും രണ്ടുതവണ പൂര്‍ത്തിയാക്കിയവര്‍ മാറിനില്‍ക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."