നോട്ട് നിരോധനത്തിന് പിന്നാലെ കള്ളനോട്ടടിച്ച് പിടിയിലായ ബി.ജെ.പി യുവനേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍
കോഴിക്കോട്: കള്ളനോട്ടടിച്ച് അറസ്റ്റിലായതിനെ തുടര്‍ന്ന് ശ്രദ്ധേയനായ യുവമോര്‍ച്ചാ നേതാവ് കള്ളനോട്ടുമായി വീണ്ടും പിടിയിലായി. തൃശ്ശൂര്‍ സ്വദേശി കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി രാഗേഷ് ഏരാശ്ശേരിയെയാണ് കൊടുവള്ളിയില്‍ നിന്നും പൊലിസ് പിടികൂടിയത്.
യുവമോര്‍ച്ചാ നേതാവും ബി.ജെ.പി ശ്രീനാരായണപുരം ബൂത്ത് സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു ഇയാള്‍. മലപ്പുറം ഓതായി സ്വദേശി സുനീര്‍ അലിയും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. 140000 രൂപ ഇരുവരില്‍ നിന്നുമായി പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. 2017 ജൂണില്‍ മതിലകം എസ്.എന്‍ പുരത്തെ രാഗേഷിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രങ്ങളും മഷിയും പേപ്പറുകളും പൊലിസ് പിടികൂടിയിരുന്നു.
നരേന്ദ്രമോദിയുടെ നോട്ട് നിരോധന നടപടിക്ക് ശേഷം പുറത്തിറങ്ങിയ പുതിയ 2000, 500 കറന്‍സികളാണ് പ്രധാനമായും അച്ചടിച്ച് വിതരണം ചെയ്തിരുന്നത്. വീടിന്റെ മുകള്‍ നിലയിലുള്ള മുറിയിലായിരുന്നു അച്ചടി.
നോട്ടടിക്കാന്‍ കമ്പ്യൂട്ടറും, ലാപ്‌ടോപ്പും, ബോണ്ട് പേപ്പറും, കളര്‍ പേപ്പറും, മഷിയും മുറിയില്‍ സജ്ജീകരിച്ചിരുന്നു. മുദ്രപ്പത്രങ്ങളും വീട്ടിലുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് അച്ചടിക്കുന്ന നോട്ടിന്റെ അതേമാതൃകയില്‍ കമ്പ്യൂട്ടറില്‍ കറന്‍സി തയ്യാറാക്കി, കറന്‍സി പേപ്പറിന് സമാനമായ രീതിയിലും കട്ടിയിലുമുള്ള പേപ്പര്‍ വാങ്ങി പ്രിന്റെടുത്ത് മുറിച്ചാണ് ഇയാള്‍ വിതരണം നടത്തിയിരുന്നത്. പെട്രോള്‍ പമ്പിലും ബാങ്കിലുമാണ് പ്രധാനമായും നോട്ടുകള്‍ മാറിയെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."