കുറുമാത്തൂരിലെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധം ശക്തമാകുന്നു
തളിപ്പറമ്പ്: കുറുമാത്തൂര്‍ പഞ്ചായത്ത് നിര്‍മിച്ച് ഉദ്ഘാടനത്തിന്നൊരുങ്ങിയ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു. കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനത്തിന് കുറുമാത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചാല്‍ അത് തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തളിപ്പറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കുറുമാത്തൂര്‍ ഐ.ടി.ഐ റോഡിലാണ് 20 ലക്ഷം രൂപ ചെലവഴിച്ച് പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് നിര്‍മിച്ചത്.
ജനവാസകേന്ദ്രത്തില്‍ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ ആദ്യഘട്ടം മുതല്‍ തന്നെ ഇതിനെതിരേ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഐ.ടി.ഐ, മദ്‌റസ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയവും സ്ഥിതി ചെയ്യുന്നതിനു പുറമെ നൂറോളം കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയാല്‍ വിഷപ്പുക പുറംന്തള്ളുന്നതോടെ കനത്ത ആരോഗ്യ പ്രശ്‌നം ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ച് നവംബര്‍ 27 വരെ നിലവിലുളള സ്ഥിതി തുടരാന്‍ തളിപ്പറമ്പ് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു.
അത് തള്ളിക്കളഞ്ഞാണ് ആറിന് വൈകിട്ട് അഞ്ചിന് പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം നടത്താന്‍ കുറുമാത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
തീരുമാനവുമായി അധികൃതര്‍ മുന്നോട്ട് നീങ്ങിയാല്‍ എന്തു വിലകൊടുത്തും നാട്ടുകാര്‍ ഉദ്ഘാടനം തടയുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. അഹമ്മദ്, കണ്‍വീനര്‍ എ.പി അയ്യൂബ്, മണ്ണന്‍ സുബൈര്‍, സാമ അബ്ദുല്ല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."