ഹൂതികള്‍ സഊദിക്കെതിരായ ആക്രമണം നിര്‍ത്തിവയ്ക്കുന്നു
സഊദി അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കില്‍ തിരിച്ചടിക്കുമെന്നും ഹൂതി പരമോന്നത രാഷ്ട്രീയസമിതി മേധാവി മെഹ്ദി അല്‍ മഷാത്ത് പറഞ്ഞു. എന്നാല്‍ സഊദി നേതൃത്വത്തിലുള്ള സൈനികസഖ്യം ഇതിനോട് പ്രതികരിച്ചിട്ടില്ല
സന്‍ആ: ഒരാഴ്ച മുമ്പ് സഊദി അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളില്‍ ആയുധ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയ യമനിലെ ഹൂതി വിമതര്‍ വെടിനിര്‍ത്തലിന്. സഊദിക്കെതിരായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി ഹൂതി നേതാവ് അറിയിച്ചു. യുദ്ധം തുടരുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും ഹൂതി പരമോന്നത രാഷ്ട്രീയസമിതി മേധാവി മെഹ്ദി അല്‍ മഷാത്ത് മുന്നറിയിപ്പു നല്‍കി.
സഊദിക്കെതിരായ എല്ലാതരം ആക്രമണങ്ങളും നിര്‍ത്തിവയ്ക്കുന്നു എന്നറിയിച്ച അദ്ദേഹം ഇതേ രീതിയിലുള്ള പ്രതികരണം സഊദിയില്‍ നിന്നുണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം അവര്‍ അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കില്‍ തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ യമന്‍ യുദ്ധം തുടരുന്നത് ഇരു പക്ഷത്തിനും യാതൊരു ഗുണവും ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. എന്നാല്‍ സഊദി നേതൃത്വത്തിലുള്ള സൈനികസഖ്യം ഇതിനോട് പ്രതികരിച്ചിട്ടില്ല.
2014ല്‍ യമന്‍ സര്‍ക്കാരിനെ ഹൂതികള്‍ അട്ടിമറിച്ചതോടെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണയോടെ സഊദി-യു.എ.ഇ സഖ്യം യമനില്‍ സൈനിക ഇടപെടല്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."