അനധികൃത കൈയേറ്റം; 388 ഏക്കര്‍ ഭൂമി പിടിച്ചെടുത്തു
കല്‍പ്പറ്റ: ജില്ലയിലെ രണ്ടു വന്‍കിട തോട്ടങ്ങള്‍ അനധികൃതമായി കൈവശം വച്ചിരുന്ന 388 ഏക്കര്‍ ഭൂമി വനം വകുപ്പ് പിടിച്ചെടുത്തു. റിപ്പണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോഡാര്‍ പ്ലാന്റേഷന് നിയമ വിരുദ്ധമായി കൈവശം വച്ചിരുന്ന 172 ഏക്കര്‍ ഭൂമിയും പുല്‍പ്പള്ളി ഇരുളം വില്ലേജിലെ പാമ്പ്ര എസ്റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന 216 ഏക്കര്‍ അനധികൃത ഭൂമിയുമാണ് വനം വകുപ്പ് പിടിച്ചെടുത്തത്.
ജില്ലയിലെ അനധികൃത കൈവശക്കാരെ കണ്ടെത്താന്‍ വനം വകുപ്പ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആന്‍ഡ് അസൈമെന്റ്) ആക്ട് പ്രകാരം റവന്യു വകുപ്പിന്റെ സഹകരണത്തോടെയാണ് വനം വകുപ്പ് വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിപ്പിച്ചത്.
ഇതു സംബന്ധിച്ച വനം വകുപ്പ് ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങുകയും എസ്റ്റേറ്റുകള്‍ക്ക് ഇന്നലെ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. പോഡാര്‍ എസ്റ്റേറ്റ് കൈവശം വയ്ക്കുന്ന ഭൂമിയില്‍ 172 ഏക്കര്‍ സ്വകാര്യ വനഭൂമിയാണെന്ന് എസ്റ്റേറ്റ് മാനേജ്മെന്റ് താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പിടിച്ചെടുത്തത്. റിപ്പണ്‍, ഓടത്തോട്, നെല്ലിമുണ്ട എന്നിവിടങ്ങളിലാണ് പോഡാര്‍ പ്ലാന്റേഷന് തോട്ടഭൂമിയുള്ളത്. പാമ്പ്ര എസ്റ്റേറ്റ് കൈവശം വയ്ക്കുന്ന 330 ഹെക്ടര്‍ ഭൂമിയില്‍ 243 ഹെക്ടര്‍ മാത്രമാണ് തോട്ടഭൂമിയായിട്ടുള്ളത്. ബാക്കിയുള്ള ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുത്തത്. തേയില, കാപ്പി കൃഷികളുള്ള ഭൂമിയാണ് വനം വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. വര്‍ഷങ്ങളായി എസ്റ്റേറ്റുകള്‍ അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."