ശബരിമല: ഇടതുപക്ഷം ബി.ജെ.പിക്ക് മുതലെടുക്കാന്‍ അവസരമൊരുക്കി-കുഞ്ഞാലിക്കുട്ടി
മഞ്ചേരി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ബി.ജെ.പിക്ക് മുതലെടുക്കാനുള്ള അവസരമൊരുക്കിയെന്നും ഇക്കാര്യത്തില്‍ ഇടതുപക്ഷം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേരിയില്‍ യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഉത്തരേന്ത്യന്‍ മോഡല്‍ കലാപത്തിനാണ് കേരളത്തില്‍ ശ്രമിക്കുന്നത്. ഇതിന് ബി.ജെ.പിക്ക് സഹായം ചെയ്യുന്നത് സി.പി.എം ഉള്‍പ്പെട്ട ഇടതുപക്ഷമാണ്. കേരളത്തിലെ മതേതരത്വം തകര്‍ന്നാലും വേണ്ടില്ല, ജനാധിപത്യ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ എത്തിച്ചേരട്ടെ എന്ന വ്യാമോഹത്താലാണ് ഇടതുപക്ഷം ശബരിമല വിഷയം കത്തിച്ചുനിര്‍ത്തുന്നത്. എന്നാല്‍ ഇത്തരം ആഗ്രഹങ്ങള്‍ നടക്കില്ല. പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നത് ഇടതുപക്ഷത്തുനിന്നാണ്. വലിയ തിരിച്ചടിയാണ് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്. ശബരിമല വിഷയം പരിഹരിക്കുന്നതിന് ബി.ജെ.പിക്ക് താല്‍പര്യമില്ല. ഉണ്ടായിരുന്നെങ്കില്‍ അമിത്ഷാ കേരളത്തിലെത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പറയാമായിരുന്നു. അത് ചെയ്തില്ല. അവര്‍ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഇടതുപക്ഷത്തിന് ന്യൂനപക്ഷങ്ങളോട് സ്‌നേഹമില്ല. അവരെ തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ നോക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷം അധികാരത്തിലിരുന്ന ഇടതു സര്‍ക്കാര്‍ സ്വന്തമായി ഒരു പദ്ധതിപോലും സംസ്ഥാനത്ത് കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന റോഡുകളും കുടിവെള്ള പദ്ധതികളും മാത്രമാണ് ഇപ്പോഴും ഉള്ളത്. പണമില്ലെന്ന് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഒരു പദ്ധതിയുമില്ല. പ്രളയത്തിന്റേ പേരില്‍ പരിവ് വാങ്ങുന്നുണ്ടെങ്കിലും ആര്‍ക്കും കൊടുക്കുന്നില്ല. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി തകര്‍ച്ചയിലാണ്. പ്രതിപക്ഷത്തെ അനൈക്യം മുതലെടുത്താണ് ബി.ജെ.പി വിജയിച്ചത്. എന്നാല്‍ ദേശീയ തലത്തില്‍ സ്ഥിതിമാറി. അടുത്ത തവണ യു.പി.എ അധികാരത്തിലെത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡി.സി.സി സെക്രട്ടറി പറമ്പന്‍ റഷീദ് അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, മംഗലം ഗോപിനാഥ്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദാലി, ജനറല്‍ സെക്രട്ടറി കണ്ണിയന്‍ അബൂബക്കര്‍, അഡ്വ. എന്‍.സി ഫൈസല്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, പി.പി തങ്കച്ചന്‍, കെ.കെ നാസര്‍ഖാന്‍, വി. സുധാകരന്‍, പി. അബൂസിദ്ദീഖ്, എം. മുഹമ്മദ് നാണി, അഡ്വ. ബീനാ ജോസഫ്, വല്ലാഞ്ചിറ ഷൗക്കത്തലി, വി.പി അബൂബക്കര്‍, ഗഫൂര്‍ ആമയൂര്‍, സി.കെ ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."