വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍
പൂവാര്‍: സിംഗപ്പൂരടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് വിസനല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്നയാളെ പൂവാര്‍ പൊലിസ് പിടികൂടി. തമിഴ്നാട് നാഗര്‍കോവില്‍ അണ്ണാനഗര്‍ സ്വദേശി രാജന്( 52) ആണ് പൊലിസിന്റെ പിടിയിലായത്. പൂവാര്‍ സ്വദേശിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോകാമെന്ന് വാഗ്ദാനം നല്കി ഒരു ലക്ഷത്തി പതിനെണ്ണായിരംരൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ഇയാള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി കേരളത്തിനകത്തും പുറത്തും ഇത്തരം തട്ടിപ്പു നടത്തി വരുന്നതായും പത്തനംതിട്ട, കോട്ടയം, എറണാകുളം, തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി എന്നിവിടങ്ങളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായും ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഇരകളില്‍ നിന്നും പണം കൈക്കലാക്കി കഴിഞ്ഞാല്‍ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത് പുതിയ സിം ഉപയോഗിച്ച് അടുത്ത ഇരയെ കണ്ടെത്തുന്നതാണ് രീതി. ഇങ്ങനെ തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ആഢംബര ഹോട്ടലുകളില്‍ താമസിച്ച് ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നിര്‍ദേശം അനുസരിച്ച് പൂവാര്‍ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ ബിനു ആന്റണി, സി.പി.ഒമാരായ പ്രേംകുമാര്‍, വിമല്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."