വ്യവസായ ഇടനാഴി: നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, കെ.എസ്.ഐ.ഡി.സി എം.ഡി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രം അനുവദിച്ച നിര്‍മാണ ക്ലസ്റ്ററിന് വേണ്ടി തൃശൂര്‍ - പാലക്കാട് മേഖലയില്‍ 1,860 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പാലക്കാട്, തൃശൂര്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇടനാഴിയുടെ ഭാഗമായി കൊച്ചി മേഖലയില്‍ വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്താനും തീരുമാനിച്ചു. ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കോറിഡോര്‍ തല അതോറിറ്റി രൂപീകരണം, നിക്ഡിറ്റുമായി ഓഹരി കരാര്‍ ഒപ്പിടല്‍ തുടങ്ങിയ നടപടികളും വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."