സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി 'തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ മന്ത്രി ജലീല്‍ ഇടപെട്ടു'
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ട് ജയിപ്പിച്ചെന്ന് പരാതി.
കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ എസ്. ശ്രീഹരി എന്ന വിദ്യാര്‍ഥിക്ക് മന്ത്രി വഴിവിട്ട സഹായം ചെയ്തുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
മന്ത്രി ഇടപെട്ടതിന്റെ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ബി.ടെക് അഞ്ചാം സെമസ്റ്ററിലെ ഡൈനാമിക്‌സ് ഓഫ് മെഷിനറീസ് പേപ്പറിന് ശ്രീഹരിക്ക് 29 മാര്‍ക്കേ ലഭിച്ചിരുന്നുള്ളൂ. പുനര്‍മൂല്യ നിര്‍ണയത്തിന് ശേഷം 32 മാര്‍ക്ക് ലഭിച്ചെങ്കിലും ജയിക്കാന്‍ 45 മാര്‍ക്ക് വേണമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി സമര്‍ഥനാണെന്നും മൂല്യനിര്‍ണയത്തിലെ പിഴവുകൊണ്ടാണ് തോറ്റതെന്നും അതിനാല്‍ ഒരിക്കല്‍കൂടി പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നും ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ പ്രോ വൈസ് ചാന്‍സലറായ അന്നത്തെ കോളജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് കത്തെഴുതിയെങ്കിലും ഇതിന് ചട്ടം അനുശാസിക്കുന്നില്ലെന്ന് കാണിച്ച് വി.സി അപേക്ഷ നിരസിച്ചു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥി മന്ത്രിയെ നേരിട്ട് സമീപിച്ചത്.
2018 ഫെബ്രുവരി 27ന് കാലതാമസം നേരിടുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ സര്‍വകലാശാല സംഘടിപ്പിച്ച അദാലത്തില്‍ മന്ത്രി ജലീല്‍ നേരിട്ട് പങ്കെടുത്തു. അദാലത്തില്‍ തോറ്റ വിദ്യാര്‍ഥിയുടെ അപേക്ഷ പ്രത്യേക കേസായി പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഈ അദാലത്തില്‍വച്ച് രണ്ടംഗ കമ്മിറ്റി രൂപീകരിച്ച് ഒരിക്കല്‍കൂടി പുനഃപരിശോധന നടത്താന്‍ തീരുമാനിച്ചു. വിദ്യാര്‍ഥിക്ക് മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ ആദ്യ മൂല്യനിര്‍ണയം നടത്തിയവര്‍ക്കെതിരേ നടപടി കൈക്കൊള്ളാനും നിര്‍ദേശമുണ്ടായി. ഇതിനുപിന്നാലെ നടന്ന പുനര്‍മൂല്യനിര്‍ണയത്തില്‍ 32 മാര്‍ക്ക് 48 ആയി വര്‍ധിച്ചു.
തോറ്റ പേപ്പറില്‍ ശ്രീഹരി ജയിക്കുകയും ചെയ്തു. മന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാരും അദാലത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ മിനുട്‌സില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഇത് ചട്ട വിരുദ്ധമാണെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.
പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാല ആക്ട് അനുസരിച്ച് ചാന്‍സലറുടെ അഭാവത്തില്‍ മാത്രമേ സര്‍വകലാശാല ഭരണത്തില്‍ ഇടപെടാന്‍ അധികാരമുള്ളൂ. യൂനിവേഴ്‌സിറ്റി ആക്ടിനും സ്റ്റാറ്റിയൂട്ടിനും അനുസൃതമായി ഭരണം നടത്താനുള്ള ചുമതല വി.സിയില്‍ മാത്രം നിക്ഷിപ്തമാണ്. വി.സിക്ക് നിര്‍ദേശം നല്‍കാന്‍ പോലും മന്ത്രിക്ക് അധികാരമില്ല. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ചട്ടവിരുദ്ധ നടപടികളെക്കുറിച്ച് ചാന്‍സലറായ ഗവര്‍ണര്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറും കണ്‍വീനര്‍ എം. ഷാജര്‍ഖാനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
ആരോപണം അന്വേഷിക്കണം: കെ.പി.എ മജീദ്
കോഴിക്കോട്: തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് ഇടപെടല്‍ നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരേ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടാന്‍ കെ.ടി ജലീല്‍ തയാറാകണം. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിക്ക് ലഭിച്ച 29 മാര്‍ക്കാണ് മന്ത്രിയുടെ നിരന്തര ഇടപെടല്‍ മൂലം 48 മാര്‍ക്കായി വര്‍ധിപ്പിച്ചത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയാണ് മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി വഞ്ചിച്ചത്.
പുനര്‍ മൂല്യനിര്‍ണയത്തിലും ജയിപ്പിക്കാനാവാത്ത വിദ്യാര്‍ഥിയെയാണ് മന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചട്ടം തെറ്റിച്ച്
ഇടപെട്ടിട്ടില്ല; പിഴവ് അധ്യാപകര്‍ക്ക്:
കെ.ടി ജലീല്‍
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ഥിക്ക് പുനര്‍മൂല്യനിര്‍ണയം നടത്തി കൂടുതല്‍ മാര്‍ക്ക് നല്‍കിയത് ചട്ടപ്രകാരം സമിതിയെ നിയോഗിച്ചാണെന്ന് മന്ത്രി കെ.ടി ജലീല്‍.
എല്ലാ പരീക്ഷകളിലും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥി ഒരു വിഷയത്തിന് മാത്രം തോറ്റത് മൂല്യനിര്‍ണയം നടത്തിയ അധ്യാപകരുടെ പിഴവുകൊണ്ടാണ്. പേപ്പര്‍ വാല്യൂ ചെയ്ത അധ്യാപകരെ കണ്ടെത്തി ഡീബാര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."