ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ
ലണ്ടന്‍: കിരീട നിലനിര്‍ത്താനൊരുങ്ങുന്ന ഇന്ത്യ ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമിയില്‍ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കിരീട വിജയത്തിലേക്കുള്ള ദൂരം കുറയ്ക്കുക ലക്ഷ്യമിടുമ്പോള്‍ സമീപ കാലത്തെ മികച്ച ഫോമിന്റെ തുടര്‍ച്ചയും ഫൈനല്‍ ബര്‍ത്തുമാണ് ബംഗ്ലാദേശ് സ്വപ്നം കാണുന്നത്. ന്യൂസിന്‍ഡിനെ അട്ടിമറിച്ചെത്തുന്ന ബംഗ്ലാദേശിനെ ഇന്ത്യ ഒട്ടും വില കുറച്ച് കാണുന്നില്ല. പരിശീലകന്‍ ഹതുര സിംഗയുടെ കീഴില്‍ ടീം കൈവരിച്ച നേട്ടങ്ങള്‍ അതുല്ല്യമാണ്.
ദൗര്‍ബല്യങ്ങളെ മറികടന്ന് ദൃഢതയോടെ വിജയത്തിലേക്ക് സഞ്ചരിക്കാനുള്ള കരുത്താണ് ബംഗ്ലാദേശ് സമീപ കാലത്ത് കൈവരിച്ച പ്രധാന മേന്മ. നിലവിലെ ഫോം പരിഗണിച്ചാല്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. അതേസമയം ക്രിക്കറ്റിന്റെ അനിശ്ചിതത്വം മത്സരത്തെ ഏത് വിധേനയും മാറ്റിമറിക്കുമെന്ന കാര്യം വിസ്മരിച്ചുകൂട.
ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് വഴങ്ങേണ്ടി വന്ന തോല്‍വി വലിയ പാഠമായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കക്കെതിരായ വിജയം ബോധ്യപ്പെടുത്തുന്നു. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും ഇന്ത്യ പുലര്‍ത്തിയ ജാഗ്രതയും ശ്രദ്ധയുമാണ് വിജയത്തിനാധാരമായത്. ആ സന്തുലിതത്വം ഇന്ന് പുറത്തെടുത്താല്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെ കീഴടക്കാന്‍ സാധിക്കും. ഇന്ത്യന്‍ വെറ്ററന്‍ താരം യുവരാജ് സിങ് ഏകദിനത്തിലെ ഒരു നാഴികക്കല്ല് ഇന്ന് മത്സരിക്കാനിറങ്ങിയാല്‍ പിന്നിടും. ഇന്ത്യന്‍ കുപ്പായത്തില്‍ കരിയറിലെ 300ാം ഏകദിനത്തിനാണ് യുവി ഒരുങ്ങുന്നത്.
നഷ്ടപ്പെടാനൊന്നുമില്ല എന്ന അവസ്ഥയാണ് ബംഗ്ലാ കടുവകളുടെ മനോഭാവം. അതുതന്നെയാണ് അവരെ അപകടകാരികളാക്കുന്നതും. ബാറ്റിങിലും ബൗളിങിലും അവരും സന്തുലിതത്വം പ്രകടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ബാറ്റിങില്‍ മധ്യനിരയിലും വാലറ്റത്തും പതറാതെ കളിക്കാന്‍ കഴിയുന്നവര്‍ അവര്‍ക്കുണ്ട്. അതേസമയം അവരുടെ പ്രതീക്ഷയായ ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന് ടൂര്‍ണമെന്റില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിയാത്തത് നിരാശയായി നില്‍ക്കുന്നു.
സാധ്യതാ ടീം: ഇന്ത്യ- കോഹ്‌ലി (ക്യാപ്റ്റന്‍), ധവാന്‍, രോഹിത്, യുവരാജ്, ധോണി, ജാദവ്, ഹര്‍ദിക്, ജഡേജ, ഭുവനേശ്വര്‍, അശ്വിന്‍, ബുമ്‌റ.
ബംഗ്ലാദേശ്- മൊര്‍ത്താസ (ക്യാപ്റ്റന്‍), തമിം ഇഖ്ബാല്‍, സൗമ്യ സര്‍കാര്‍, സബ്ബിര്‍ റഹ്മാന്‍, മുഷ്ഫിഖര്‍ റഹിം, ഷാകിബ് അല്‍ ഹസന്‍, മഹമ്മദുല്ല, മൊസദെക് ഹുസൈന്‍, തസ്‌കിന്‍ അഹമദ്, റുബല്‍ ഹുസൈന്‍, മുസ്‌കഫിസുര്‍ റഹ്മാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."