മുലപ്പാലിനു പകരം സസ്യപാല് നല്കിയ കുഞ്ഞ് മരിച്ചു; മാതാവിന് തടവ് ശിക്ഷ
ബ്രസല്‍സ്: സസ്യങ്ങളില്‍ നിന്നുള്ള പാല് കൊടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവിന് തടവു ശിക്ഷ. ബെല്‍ജിയം കോടതിയുടേതാണ് വിധി.
ലൂക്കാസ് എന്ന ഏഴുമാസം പ്രായമായ കുഞ്ഞാണ് സസ്യ പാല് നല്‍കിയതിനെ തുടര്‍ന്ന് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നാലു മാസം പ്രായമായതു മുതല്‍ ഓട്സ്, അരി, ഗോതമ്പ്, സ്പെയിനില്‍ നിന്നുള്ള പ്രത്യേക കടല എന്നിവ ഉപയോഗിച്ച് നിര്‍മിച്ച പാലാണ് കൊടുത്തിരുന്നത്. ഹെല്‍ത്ത് ഫുഡ് ഷോപ്പില്‍ നിന്നാണ് ഇതു വാങ്ങിയത്. മതിയായ പോഷകം ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചത്.
ഏഴു മാസം പ്രായമായപ്പോള്‍ കുഞ്ഞിന് 4.3 കിലോ ഗ്രാം ഭാരമാണുണ്ടായിരുന്നത്. കുട്ടിക്ക് മറ്റ് ആഹാരങ്ങളും നല്‍കിയിരുന്നില്ല. 2014 ജൂണില്‍ ഹസെല്ത്തിലെ ആശുപത്രിയിലാണ് കുഞ്ഞ് മരിച്ചത്. ലാക്ടോസും ഗ്ലൂട്ടെനും കുട്ടിയുടെ ശരീരത്തില്‍ മതിയായ അളവിലുണ്ടായിരുന്നില്ല. കുട്ടിയെ മാതാവ് രാത്രിയില്‍ മുലയൂട്ടാറുണ്ടെന്ന് കോടതിയില്‍ മാതാവിന്റെ അഭിഭാഷകന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കുഞ്ഞിന് മുലപ്പാലാണ് അഭികാമ്യമെന്നും കുഞ്ഞിന്റെ ആരോഗ്യത്തിന് ചേരാത്ത ഭക്ഷണം നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നും ജഡ്ജ് മൈക് ബട്സ്ട്രായേന് വിധിന്യായത്തില്‍ പറഞ്ഞു. കുട്ടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ലെന്ന് നേരത്തെ ഡോക്ടര്‍മാര്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."