വട്ടിയൂര്‍കാവില്‍ പത്മജ മത്സരിക്കേണ്ടതില്ലെന്ന് കെ.മുരളീധരന്
തിരുവനന്തപുരം:വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ മത്സരിക്കേണ്ടതില്ലെന്ന് കെ.മുരളീധരന് എം.പി. താന്‍ എം.എല്‍.എ ആയിരുന്ന മണ്ഡലത്തില്‍ തന്റെ കുടുംബത്തില്‍ നിന്ന് ആരും ഉടനെ മത്സരിക്കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ. മുരളീധരന് പറഞ്ഞു.
പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ചയെന്ന ആരോപണം ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭാ ഇലക്ഷനില്‍ നല്ലപ്രകടനം കാഴ്ച വെച്ച ഷാനിമോള്‍ ഉസ്മാനെ അരൂരില്‍ മത്സരിക്കുന്നതിനെ പിന്തുണയ്ക്കുന്നെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. ഷാനിമോളുടെ പ്രകടനം അംഗീകരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. നിലവില്‍ എല്‍.ഡി.എഫിന്റെ അധീനതയിലുള്ള അരൂര്‍ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെ വേദനയോടെയാണ് താന്‍ വട്ടിയൂര്‍ക്കാവ് വിട്ടത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമുണ്ടാക്കില്ലെന്നും മുരളീധരന് പറഞ്ഞു. ബി.ജെ.പി ഇത്തവണ വട്ടിയൂര്‍കാവില്‍ നേട്ടമുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."