മാതാപിതാക്കള്‍ക്കും പരസ്യഭ്രഷ്ട് ; ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി
മാനന്തവാടി: സ്വന്തം അമ്മയെ കാണാന്‍ പോലും അനുവദിക്കാത്ത വിധം സാമൂഹിക ഭ്രഷ്ടിന് ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സംഭവത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സാമൂഹിക ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും കാണിച്ച് സുജാത-ഗോവിന്ദരാജ് ദമ്പതികള്‍ വയനാട് ജില്ലാ പൊലിസ് സൂപ്രണ്ടിന് നേരില്‍ കണ്ട് പരാതി നല്‍കി. സമുദായം ഭ്രഷ്ട് കല്‍പ്പിച്ച മാനന്തവാടി എരുമത്തെരുവിലെ അരുണ്‍-സുകന്യ ദമ്പതികളെ സഹായിച്ചുവെന്നാരോപിച്ച് ഇരുവരുടെയും മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരേ കഴിഞ്ഞ ദിവസം സമുദായം ഭ്രഷ്ട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സുകന്യയുടെ പിതാവിന്റെ വീട്ടില്‍ നിന്നു 95 വയസ് പ്രായമുള്ള അമ്മയെ സഹോദരങ്ങള്‍ ഇറക്കിക്കൊണ്ടുപോയിരുന്നു. കഴിഞ്ഞ ദിവസം അമ്മയെ കാണാനെത്തിയ സുകന്യയുടെ മാതാവ് സുജാതയെ വീട്ടില്‍ നിന്നിറക്കിവിടുകയും ഭ്രഷ്ടായതിനാല്‍ അമ്മയെ സന്ദര്‍ശിക്കാന്‍ പാടില്ലെന്നും അമ്മ മരിച്ചാല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കാനാവില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടുകാര്‍ സുജാതയെ മടക്കിയയച്ചത്.
പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെ തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സാമൂഹിക നീതിവകുപ്പ് അന്വേഷിക്കുന്ന കേസില്‍ എത്രയും പെട്ടെന്ന് നടപടികളുണ്ടാവണമെന്നും മാതാപിതാക്കള്‍ക്കെതിരേ നടന്ന ഭ്രഷ്ടുള്‍പ്പെടെ അന്വേഷിക്കണമെന്നും ചൂണ്ടിക്കാണിച്ച് ജില്ലാ സാമൂഹിക നീതി ഓഫിസറെയും നേരില്‍ കണ്ട് അരുണ്‍-സുകന്യ ദമ്പതികളും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഊരുവിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ അഡ്വ. ടി മണിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂടിച്ചേര്‍ത്ത് ഉത്തരവുണ്ടാകുവാനുള്ള അപേക്ഷ മാനന്തവാടി പൊലിസ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതി മുന്‍പാകെ നല്‍കി. നിലവില്‍ 506 (1), 509, 34 ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അശ്ലീലചുവയോടെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന 354 എ (1), (4) പ്രകാരമുള്ള വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നതിനാണ് പൊലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
സംഭവത്തില്‍ ആകെ ആറ് പ്രതികളാണുള്ളത്. നാലരവര്‍ഷക്കാലമായി അനുഭവിക്കുന്ന ഊരുവിലക്കിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും പ്രധാനമന്ത്രിയുടെ ഓഫിസ് അടക്കം വിഷയത്തില്‍ ഇടപെട്ട ശേഷവും തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതിനാല്‍ തന്നെ പ്രത്യക്ഷ സമരങ്ങള്‍ക്കായി തങ്ങള്‍ തയാറെടുക്കുകയാണെന്നും അരുണും സുകന്യയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."