ഓട്ടോ ഡ്രൈവറുടെ മരണം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ എലത്തൂര്‍ സ്വദേശി രാജേഷിന്റെ മരണത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സി.പി.എം പ്രവര്‍ത്തകരും എലത്തൂര്‍ സ്വദേശികളുമായ മുരളിയും ഖദ്ദാസിയുമാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ബാങ്ക് വായ്പയെടുത്തു വാങ്ങിയ ഓട്ടോയ്ക്ക് സി.ഐ.ടി.യു യൂനിയനിലെ ചിലര്‍ എലത്തൂരിലെ സ്റ്റാന്‍ഡില്‍ പ്രവേശനം നിഷേധിച്ചതാണ് തര്‍ക്കത്തിന് കാരണം. ഈ മാസം 15 നായിരുന്നു സംഭവം. തര്‍ക്കത്തിനിടെയുണ്ടായ കൈയേറ്റത്തില്‍ പരുക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രാജേഷ് കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ ശ്രീലേഷ്, ഷൈജു തുടങ്ങിയ സി.പി.എം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്.
സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ പൊലിസ് ശ്രമിക്കുന്നതായി ആരോപിച്ച് പ്രദേശവാസികളും ബി.ജെ.പി പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. ഇന്നലെ രാജേഷിന്റെ മൃതദേഹവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എലത്തൂര്‍ പൊലിസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. കലക്ടറോ കമ്മിഷണറോ സ്ഥലത്ത് എത്തണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ഒരു മണിക്കൂര്‍ നീണ്ട സമരം പൊലിസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അവസാനിച്ചത്. സമരം അവസാനിച്ച ശേഷം മൃതദേഹം വിലാപ യാത്രയായി വീട്ടിലെത്തിച്ചു സംസ്കരിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."