ബസിന്റെ അമിതവേഗത; യാത്രക്കാരന് ഗുരുതര പരുക്ക്
ശാസ്താംകോട്ട: സ്വകാര്യ ബസില്‍ മകള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന മധ്യവയസ്ക്കന്റെ ഇടതുകൈ മുട്ട്ഭാഗം വച്ച് മുറിഞ്ഞു .
പോരുവഴി ശാസ്താംനട ഇടിക്കണ്ട മണ്ണൂര്തുണ്ടില് വീട്ടില്‍ ഇബ്രാഹിം കുട്ടിക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക ഒന്നോടെ കുന്നത്തൂരിലായിരുന്നു സംഭവം. കൊട്ടാരക്കര ചവറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സൗപര്‍ണിക ബസില്‍ യാത്ര ചെയ്യുകയായിരുന്ന ആളാണ് അപകടത്തില്‍പ്പെട്ടത്. ബസ് കൊട്ടാരക്കരയില്‍ നിന്നും ചവറയ്ക്ക വരവേ പിന്‍ഡോറിനു സമീപത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ഇബ്രാഹിം കുട്ടിയുടെ ഇടതു കൈ കുന്നത്തൂര്‍ പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ ഉരഞ്ഞാണ് അപകടമുണ്ടായത്.
എന്നാല്‍ അപകടം ഉണ്ടായത് ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലത്രേ. തുടര്‍ന്ന് പാലത്തിനു പടിഞ്ഞാറ് കുന്നത്തൂര്‍ ആറ്റുകടവ് ജങ്ഷനില്‍ നിര്‍ത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രക്തം വാര്‍ന്ന് അവശനിലയിലായിരുന്നു.
സ്വകാര്യ ബസിന്റെ പിന്നാലെ കെ.എസ്.ആര്.ടി.സി വേണാട് ബസ് ഉണ്ടായിരുന്നതിനാല്‍ അമിതവേഗതയില്‍ പാഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."