വാര്‍ത്ത തുണയായി; മകളെ പീഡിപ്പിച്ചെന്ന് വ്യാജ കേസുണ്ടാക്കി പൊലിസ് ജയിലിലടച്ച അച്ഛന് ജാമ്യം
വെഞ്ഞാറമൂട്: മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ജയിലിലടച്ച അച്ഛന് ജാമ്യം അനുവദിച്ചു. എട്ടു മാസമായി ഇയാള്‍ ജയിലില്‍ അനുഭവിക്കുന്ന നരകയാതന സംബന്ധിച്ച് 'സുപ്രഭാതം' നല്‍കിയ വാര്‍ത്ത തുണയാവുകയായിരുന്നു. മകളുടെ പേര് വിളിച്ച് ജയില്‍ ഭിത്തികളില്‍ തലയടിച്ച് അലമുറയിടുന്ന തടവുകാരന്‍ ഒന്‍പത് മാസമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ നൊമ്പരമായിരുന്നു. പൊന്നുപോലെ നോക്കിയ മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ജയിലടച്ച മനോവേദനയില്‍ തല ചുവരില്‍ ആഞ്ഞിടിച്ച് നിലവിളിക്കുന്ന അച്ഛന്റെ കഥ സുപ്രഭാതമാണ് പുറംലോകത്തെ അറിയിച്ചത്. വാര്‍ത്തവന്നതോടെ ഇയാള്‍ക്ക് ജാമ്യത്തിനു വഴിതുറക്കുയും സംഭവത്തില്‍ പുനരന്വേഷണം ആരംഭിക്കുകയുമായിരുന്നു.2018 മാര്‍ച്ച് മൂന്നിനാണ് മകളെ പീഡിപ്പിച്ച കുറ്റത്തിന് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുന്നത്. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ക്രൂരതയ്ക്ക് ഇരയായി ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയായിരുന്നു. കൃത്യമായ കുറ്റപത്രം പോലും സമര്‍പ്പിക്കാതെ ഇയാളെ വിചാരണ തടവുകാരനാക്കുകയായിരുന്നു. ഈമാസം ആദ്യമാണ് പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നത്. അപ്പോഴാണ് അച്ഛന്‍ നിരപരാധിയാണെന്ന് അറിയുന്നത്. തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് അച്ഛന്റെ അടുത്ത ബന്ധുവാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പൊലിസ് തന്നോട് ഒന്നും ചോദിച്ചില്ലെന്നും വനിതാ പൊലിസ് കൊണ്ടുവന്ന പേപ്പറില്‍ ഭയന്ന് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. കോടതിയില്‍ വച്ച് മൊഴിയെടുക്കുമ്പോള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളും പൊലിസും ചേര്‍ന്ന് നടത്തിയ നാടകം പുറത്തായത്.
അച്ഛന്‍ നിരപരാധിയാണെന്നും സംഭവത്തില്‍ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഓക്‌ടോബര്‍ അഞ്ചിന് പെണ്‍കുട്ടിയുടെ അമ്മ എസ്.പിക്ക് പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി പൊലിസ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തിയതാണെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആ പരാതി വേണ്ട വിധത്തില്‍ പൊലിസ് അന്വേഷിച്ചില്ല.
ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി കഴിഞ്ഞ ഒക്‌ടോബര്‍ 31ന് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ മകള പീഡിപ്പിച്ചെന്ന് ആരോപിച്ച് ജയിലിടച്ച അച്ഛന്റെ ദുരവസ്ഥ ചര്‍ച്ചയായി. അന്നുതന്നെ തിരുവനന്തപുരം റൂറല്‍ എസ്.പി പുനരന്വേഷണത്തിന് ഉത്തരവിടുകയും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് അന്വേഷണം ചുമതല നല്‍കുകയും ചെയ്തു. പിറ്റേന്ന് തന്നെ പുനരന്വേഷണ വിവരം കോടതിയെ അറിയിച്ചു. ഇതോടെ പ്രതിയായി ജയിലിലടക്കപ്പെട്ടയാളിന് കോടതി ഇന്നലെ ജാമ്യം അനുവദിക്കുകയായിരുന്നു. കൃത്യമായ തെളിവുകള്‍ പ്രതിക്കെതിരേ ഹാജരാക്കാത്തതിനാല്‍ പ്രതി വിചാരണ നേരിടേണ്ടതില്ലെന്നും പ്രതിയുടെ സ്ഥിതി അനുഭാവപൂര്‍വം പരിഗണിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ച ഇയാള്‍ ഇന്നലെത്തന്നെ പുറത്തിറങ്ങി. പെണ്‍കുട്ടിയുടെ അമ്മയും അയാളുടെ അമ്മയും അടക്കം കുടുംബം മുഴുവന്‍ അയാളെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നിരപരാധിയെ ക്രൂരമായ കുറ്റം ചുമത്തിയ വെഞ്ഞാറമൂട് പൊലിസിനെതിരേ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."