'ബാലാകോട്ട് ജയ്‌ഷെ പുനഃസ്ഥാപിക്കുന്നു; നുഴഞ്ഞുകയറ്റത്തിനായി ഭീകരരെ സജ്ജമാക്കുന്നു'- വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സൂചന നല്‍കി ആര്‍മി ചീഫ്
ന്യൂഡല്‍ഹി: ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന സൂചന നല്‍കി ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്.
ഫെബ്രുവരി 26 ന് നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന (ഐ.എ.എഫ്) ഇല്ലാതാക്കിയ ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് പാകിസ്താന്‍ വീണ്ടും സജീവമാക്കിയതായി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം സര്‍ജിക്കല്‍ സ്‌ട്രൈക്കിനുള്ള സാധ്യത വെളിപെടുത്തിയത്. 500ഓളം ഭീകരര്‍ രാജ്യത്ത് നുവഞ്ഞു കയറാന്‍ സജ്ജമായിട്ടുണ്ടെന്നും ചെന്നൈയില്‍ മാധ്യമങ്ങളോട് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
'ബാലകോട്ടിനെ അവര്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ബാലകോട്ടിലെ അവരുടെ കേന്ദ്രങ്ങള്‍ നമ്മള്‍ ആക്രമണത്തില്‍ നശിപ്പിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ വീണ്ടും അവിടം സജീവമാക്കിയിരിക്കുന്നു. അഞ്ഞൂറോളം നുഴഞ്ഞുകയറ്റക്കാരാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് കയറാന്‍ കാത്തിരിക്കുന്നത്.
നുഴഞ്ഞു കയറ്റത്തിന് സാഹചര്യമൊരുക്കാന്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കുന്നു. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. നമ്മുടെ സൈനികര്‍ക്ക് സ്വയം പ്രതിരോധിക്കാനും ആക്രമിക്കാനും അറിയാം. ഞങ്ങള്‍ ജാഗ്രതയിലാണ്. പരമാവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഉറപ്പാക്കും. റാവത്ത് പറഞ്ഞു.
ജയ്‌ഷെ ആക്രമണത്തെ മറികടക്കാന്‍ കരസേന മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആസൂത്രണം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് എന്തുകൊണ്ട് നടത്തിക്കൂടാ എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ മറുപടി.
'എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആവര്‍ത്തിച്ചുകൂടാ? അല്ലെങ്കില്‍ അതിനപ്പുറം പോയ്ക്കൂടാ? അത് അവര്‍ ഊഹിക്കട്ടെ' ബിപിന്‍ റാവത്ത് പറഞ്ഞു.
ഫെബ്രുവരി 14 ന് പുല്‍വാമയിലെ സി.ആര്‍.പി.എഫ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ വ്യോമസേന ബാലകോട്ടിലെ ജയ്ഷ് ഇ മുഹമ്മദിന്റെ പ്രധാനപ്പെട്ട തീവ്രവാദ ക്യാമ്പുകളിലൊന്നില്‍ വ്യോമാക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."