വ്യക്തിസ്വാതന്ത്ര്യം ഓരോ പൗരനും ഉണ്ട്: ശശി തരൂര്‍
തൃശൂര്‍: എന്ത് എപ്പോള്‍ പറയണം, എന്ത് പറയേണ്ടതില്ല എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ ഭാരതപൗരനും ഉണ്ടെന്നും ഭാരതത്തിന്റെ ആ പാരമ്പര്യം ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. ഇന്ദിരാഗാന്ധി ജന്മശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ ഡി.സി.സിയില്‍ എന്റെ ഇന്ത്യ എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എന്തും ഉള്‍ക്കൊള്ളുവാനുള്ള കഴിവാണ് ഇന്ത്യന്‍പാരമ്പര്യമെന്ന് ചിക്കാഗോയിലെ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ ചിന്തയാണ് സമീപകാലഇന്ത്യയില്‍ വെല്ലുവിളിക്കപ്പെടുന്നത്. എന്ത് പറയണം, എന്ത് എഴുതണം, എന്ത് ഭക്ഷിക്കണം എന്നതിന് വരുന്ന നിയന്ത്രണങ്ങള്‍ വിവേകാനന്ദസ്വാമികളിലൂടെ ലോകം അറിഞ്ഞ ഇന്ത്യന്‍ പാരമ്പര്യത്തെയാണ് തച്ചുടയ്ക്കുന്നത്. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ സദസ്സിലുള്ളവരോട് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് കഴിയില്ലെന്ന് അവിടെ വെച്ചുതന്നെ താന്‍ തുറന്നടിച്ചതും തരൂര്‍ വെളിപ്പെടുത്തി. ഉന്നത ചിന്തയാണ് ഭാരതത്തിന്റെ പ്രത്യേകത.. എന്നാല്‍ ആ ഉന്നത ചിന്തയല്ല ഗാന്ധിജിയെ ബുദ്ധിമാനായ ബനിയാ എന്ന് അഭിസംബോധന ചെയ്തപ്പോള്‍ അമിത് ഷായില്‍ പ്രകടമായത്.
താഴ്ന്ന ചിന്തയാണ് അമിത് ഷായുടെ വാക്കുകളില്‍ നിറഞ്ഞുനിന്നത്. ബനിയാ സമുദായത്തില്‍ ജനിച്ച ഗാന്ധിജിയോ അദ്ദേഹത്തിന്റെ പിതാവോ ഒരിക്കലും ഒരു കച്ചവടക്കാരനായിരുന്നില്ല. തത്വചിന്തകന്‍, അഭിഭാഷകന്‍, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ ഗാന്ധിജിയെ വിശേഷിപ്പിക്കാം. ഒരിക്കലും ഒരു കച്ചവടക്കാരന്‍ എന്ന് ഗാന്ധിജിയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. താഴ്ന്ന ചിന്തയാണ് അമിത് ഷായെക്കൊണ്ട് ഇത്തരത്തില്‍ പറയിച്ചതെന്നും തരൂര്‍ പറഞ്ഞു. സങ്കുചിത മന: സ്ഥിതി ഇന്ത്യയ്ക്ക് ഇല്ല. എല്ലാവര്‍ക്കും ഒരു പോലെ ജീവിക്കാനുള്ള അവകാശമാണ് ഇന്ത്യയുടെ പ്രത്യേകത. ജാതിചിന്തകള്‍ക്ക് അപ്പുറത്തായിരുന്നു ഇന്ത്യയുടെ സംസ്‌കാരം. നെഹ്‌റുവിന്റെ ഭാഷയില്‍ ഇന്ത്യ ഒരു ചുമരാണ്. ആര്‍ക്കും എന്തും എഴുതാം. എല്ലാം അംഗീകരിക്കപ്പെട്ടിരുന്നുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. എന്റെ ഇന്ത്യയും നിന്റെ ഇന്ത്യയും ചേരുമ്പോള്‍ നമ്മുടെ ഇന്ത്യ സൃഷ്ടിക്കപ്പെടുമെന്നും അതിനായി പ്രയത്‌നിക്കണമെന്നും തരൂര്‍ ആഹ്വാനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷനായി. കെ.പി വിശ്വനാഥന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, പത്മജ വേണുഗോപാല്‍, എം.പി ഭാസ്‌കരന്‍ നായര്‍, ജോസഫ് ചാലിശ്ശേരി, എന്‍.കെ സുധീര്‍, എം.കെ പോള്‍സണ്‍, എം.പി വിന്‍സെന്റ്, ഐ.പി പോള്‍, ടി.യു ഉദയന്‍, ജോസ് വള്ളൂര്‍, ഡോ. നിജി ജസ്റ്റിന്‍, ടി.ജെ സനീഷ്‌കുമാര്‍, മിഥുന്‍ മോഹന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."