വീയപുരത്ത് പാലങ്ങള്‍ അപകടാവസ്ഥയില്‍; അധികൃതര്‍ക്ക് മൗനം
ഹരിപ്പാട്: നിര്‍മാണത്തിലെ അപാകതയും അനധികൃത മണലൂറ്റും കാരണം പാലങ്ങള്‍ അപകടാവസ്ഥയിലായി. വീയപുരം ഗ്രാമപഞ്ചായത്തിലാണ് അപകടാവസ്ഥയിലായ പാലങ്ങള്‍.
അക്കരമുറിഞ്ഞപുരക്കല്‍,വീയപുരം,ഇരതോട് എന്നീപാലങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ഈ പാലങ്ങളുടെ അടിഭാഗവും തറയില്‍ നിന്നും പാലംവരെ പണിതുയര്‍ത്തിയ കരിങ്കല്‍ ഭിത്തിയുംപൊട്ടിപിളര്‍ന്ന നിലയിലാണ്.
വീയപുരം പാലത്തിന്റെ സ്ഥിതിയും വിഭിന്നമല്ല. ഇരതോട് പാലത്തിന്റെ കൈവരികള്‍ മിക്കതും ഇല്ല. പാലത്തിന്റെ കോണ്‍ക്രീറ്റുകളും ഇളകിയ നിലയിലാണ്. വീയപുരംഎച്ച്.എസ്.എസിലെ കുട്ടികളും പ്രദേശവാസികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് അക്കരമുറിഞ്ഞപുരക്കല്‍ പാലത്തിന്റെ കടവില്‍ നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്.
ഏഴ് പാലങ്ങളാണ് ഗ്രാമപഞ്ചായത്തിലുള്ളത് 16പാടശേഖരങ്ങളും. ഇവിടെ പാലങ്ങള്‍ പണിതത് ദീര്‍ഘവീക്ഷണമില്ലാതെയാണ് പാലംപണിയുന്ന സ്ഥലത്തിന് തൊട്ടടുത്തുനിന്നുതന്നെ മണ്ണ് മാന്തി കപ്പലിന്റെ സഹായത്തോടെ മണലെടുത്താണ് റോഡുകള്‍ നിര്‍മിച്ചതെന്നും ഇത് ഗുണനിലവാരമില്ലാത്ത പൂഴിമണലാണെന്നും മഴയോ,പ്രളയമോ ഉണ്ടാകുമ്പാള്‍ ഈ മണലുകള്‍ ഒലിച്ചുപോകുമെന്നും നാട്ടുകാര്‍ പറയുന്നു. അതോടൊപ്പം പാലത്തിന്റെ തൂണിന്റെ അടിത്തട്ടില്‍ നിന്നും യന്ത്രങ്ങളുടെ സഹായത്തോടെ മണലൂറ്റ് നടത്തുന്നസംഘങ്ങള്‍ വിലസിയിട്ടും പൊലിസിന് നടപടിയെടുക്കാനും കഴിയുന്നില്ല.ജലവാഹനങ്ങളും, ആവശ്യത്തിന് പൊലിസുകാര്‍ ഇല്ലാത്തതും മണലൂറ്റ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
ദീര്‍ഘദൂരസര്‍വിസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വളരെ തിരക്കുള്ള റൂട്ടായി മാറിയിരിക്കുന്ന ഇവിടുത്തെ പാലങ്ങളില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുലുക്കം ഉണ്ടാകുന്നതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതിഷേധം വ്യാപകമാകുമ്പോള്‍ അറ്റകുറ്റപണി നടത്തി തടിതപ്പുന്ന പ്രവണതയാണ് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. പൊലിസിന്റെ അംഗബലംകൂട്ടിയും,ജലവാഹനം നല്‍കിയുംപൊലിസ് റവന്യു ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് രാത്രി കാല പരിശോധന ശക്തമാക്കിയാല്‍ ഒരുപരിധിവരെ അനധികൃത മണലൂറ്റ് തടയുകയും പാലങ്ങളെ സംരക്ഷിക്കുകയും ചെയ്യാം. അതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നാവശ്യം ശക്തമാകുകയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."