അഴുക്കുചാലില്‍ തള്ളിയത് 27 ലക്ഷം; രോഗഭീതിയില്‍ നാട്ടുകാര്‍
എടപ്പാള്‍: രണ്ടുഘട്ടങ്ങളിലായി 27 ലക്ഷത്തോളം ചെലവിട്ടു നവീകരണം ആരംഭിച്ച കാനയുടെ ജോലി പൂര്‍ത്തിയാകാത്തത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു.
മഴ ശക്തമായതോടെ കുറ്റിപ്പുറത്തെ പ്രധാന അഴുക്കുചാലിനു സമീപത്തെ താമസക്കാരാണ് രോഗഭീതിയിലായത്. ടൗണിലെ ഓടകളിലെ മാലിന്യം ഭാരതപ്പുഴയിലേക്ക് ഒഴുക്കുന്ന പ്രധാന അഴുക്കുചാലാണ് ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്. അഴുക്ക്ചാല്‍ മഴയില്‍ നിറഞ്ഞതോടെ പകര്‍ച്ചവ്യാധികള്‍ പടരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
കഴിഞ്ഞ വര്‍ഷം കുറ്റിപ്പുറത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുകയും കോളറ മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം കോളറ ബാക്ടീരിയകളെ കണ്ടെത്തിയ അഴുക്കുചാലായതിനാലാണ് പരിസരവാസികള്‍ ആശങ്കപ്പെടുന്നത്.
മഴ കനത്തതോടെ കാനയിലെ മലിനജലം പരന്നൊഴുകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ ജലം പരിസരത്തെ കിണറുകളിലേക്കും കുളങ്ങളിലേക്കും എത്തുമോ എന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.
അനുവദിച്ച തുകയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും അഴുക്കുചാലിന്റെ 150 മീറ്ററോളം ദൂരം ഇനിയും നവീകരിക്കാനുണ്ട്. പുഴയുടെ അടുത്തുള്ള ഈ ഭാഗത്ത് ഓട തകര്‍ന്നുകിടക്കുകയാണ്. ഈ ഭാഗത്തെ പാര്‍ശ്വഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്ക് തടസപ്പെട്ട് മലിനജലം കെട്ടിനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."