സുപ്രഭാതം വാര്‍ഷികപ്പതിപ്പ് പുറത്തിറങ്ങി
സ്വന്തം ലേഖകന്‍
കോഴിക്കോട്: സുപ്രഭാതം വാര്‍ഷികപ്പതിപ്പ് പുറത്തിറങ്ങി. കോഴിക്കോട് നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ സമസ്ത പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രകാശനം നിര്‍വഹിച്ചു.
കുറഞ്ഞകാലം കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രയാണം നടത്താന്‍ സുപ്രഭാതത്തിന് സാധിച്ചെന്നും വാര്‍ത്തകളില്‍ നിഷ്പക്ഷതയും സത്യസന്ധതയും മുറുകെപ്പിടിക്കുന്നതാണ് ഈ വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സ്വീകരിക്കേണ്ട തത്വമിതാണ്. എന്നാല്‍ മറ്റു പത്രങ്ങള്‍ ഈ നിലപാട് സ്വീകരിക്കുന്നുണ്ടോ എന്നത് സംശയകരമാണ്. സത്യവും അസത്യവും വേര്‍തിരിച്ച് കാണാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. നമുക്കിഷ്ടപ്പെട്ട വിഭാഗത്തെ രക്ഷപ്പെടുത്താന്‍ മാത്രമായി വാര്‍ത്തകള്‍ പടച്ചുണ്ടാക്കരുത്. ഇത് ധാര്‍മികതയെ കളങ്കപ്പെടുത്തും. അനിഷ്ടകരമായാലും വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളില്‍ എത്തിക്കുകയെന്നാണ് സുപ്രഭാതത്തിന്റെ നയം.
വാര്‍ത്തകളുടെ ഉറവിടം പരിശോധിച്ച് അവ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നല്‍കാറുള്ളൂ. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താന്‍ സുപ്രഭാതം മുന്നില്‍നിന്ന് പോരാടും. എല്ലാ രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനമാണ് ഭരണകൂടം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കല്‍ സീനത്ത് സില്‍ക്‌സ് ആന്‍ഡ് സാരീസ് എം.ഡി മനരിക്കല്‍ അബ്ദുല്‍റസാഖ് ആദ്യകോപ്പി ഏറ്റുവാങ്ങി.
സുപ്രഭാതം ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍ ലോഞ്ചിങ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. തുടര്‍ന്ന് 'വര്‍ത്തമാന ഇന്ത്യ' വിഷയത്തില്‍ നടന്ന സെമിനാര്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു.
സുപ്രഭാതം എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മോഡറേറ്ററായി. നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തി. സി. മമ്മൂട്ടി എം.എല്‍.എ, എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, മുക്കം ഉമര്‍ ഫൈസി, സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതവും വാര്‍ഷികപ്പതിപ്പ് എഡിറ്റര്‍ മുഷ്താഖ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. രണ്ടു വാള്യങ്ങളായാണ് വാര്‍ഷികപ്പതിപ്പ് തയാറാക്കിയത്. 60 രൂപയാണ് വില. സുപ്രഭാതം ഓഫിസുകളിലും സ്റ്റാളുകളിലും കോപ്പികള്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."