മോദിക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ മാധ്യമങ്ങളും ജനാധിപത്യത്തെ കൊന്നുകൊണ്ടിരിക്കുന്നു- രവീഷ് കുമാര്‍
ബംഗളൂരു: രാജ്യത്തിലെ ജനാധിപത്യം പതിയെ പതിയെ മരണത്തിലേക്ക് നടന്നുകൊണ്ടിരിക്കുകയാണെന്ന് എന്‍.ഡി.ടി.വി മാനേജിങ് എഡിറ്ററും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ രവീഷ് കുമാര്‍. ഗോഡ്‌സെയെ ദേശസ്‌നേഹിയായും ഗാന്ധിജിയെ തീവ്രവാദിയായും മുദ്രകുത്തുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരുവില്‍ പ്രഥമ ഗൗരി ലങ്കേഷ് മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയായും ഗാന്ധിജി തീവ്രവാദിയായും മുദ്രകുത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇവരെ എതിര്‍ക്കുന്നവര്‍ ശത്രുക്കളായി കണക്കാക്കപ്പെടുന്നു. അവര്‍ ദേശവിരുദ്ധരും, നക്‌സലുകളും, പാകിസ്താന്‍ അനുകൂലികളും ആവുന്നു. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം പതിയെ പതിയെ മരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്'- രവീഷ് കുമാര്‍ പറഞ്ഞു.
ഹിന്ദി ഏകഭാഷ ആക്കുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ജനതയുടെ ഭാഷയല്ല. ജനാധിപത്യ തകര്‍ക്കുന്ന വ്യവസ്ഥിതിയുടെ ഭാഷയാണ് മാറ്റേണ്ടത്-അദ്ദേഹം പറഞ്ഞു. ഹിന്ദി സര്‍ക്കാര്‍ അടിച്ചേല്‍പിക്കുയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളുടെ ദയനീയവസ്ഥയും അദ്ദേഹം തുറന്നു കാട്ടി. ' അവര്‍ ജനങ്ങളെ വിഢികളാക്കുകയാണ്. ഹിന്ദി വരുന്നതിന് മുമ്പു തന്നെ ഇന്ത്യ ഇന്ത്യ ആയിരുന്നു. സംസ്‌കൃതത്തിന്റെ കാര്യത്തില്‍ പോലും അവര്‍ ജനങ്ങളെ വിഢികളാക്കുകയായിരുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഭാഷയുടെ പേരില്‍ ഭരണകൂടം വെറുപ്പും ഭയവും പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങളുടെ ഹിന്ദിഭാഷയല്ല ഭരണകൂടത്തിന്റെ ഹിന്ദിഭാഷ. അവരുടെ ഭാഷ നിറയെ വെറുപ്പും ഭയവും ക്രൂരതയുമാണ്. അവരത് ജനങ്ങളെ അവജ്ഞയോടെ കാണാനാണ് ഉപയോഗിക്കുന്നത്.
മാധ്യമങ്ങള്‍ തങ്ങളുടെ ധര്‍മം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'മാധ്യമ ഉടമകളും എഡിറ്റര്‍മാരും പലകാര്യങ്ങളും മോദി സര്‍ക്കാറിനെ പിന്തുണക്കുന്നു. ഇതു വഴി ജനാധിപത്യത്തെ കൊല്ലാന്‍ കൂട്ടു നില്‍ക്കുകയാണവര്‍. ഇത് ഏറെ അപകടകരമാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെതിരെ തെരുവുകളില്‍ സമരം നടക്കുന്നുണ്ട് എന്നിട്ടും പല മുഖ്യധാര മാധ്യമങ്ങളും അത് കണ്ടില്ലെന്ന് വെയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടെയും കീഴില്‍ നമ്മള്‍ നന്നായി കഴിയുന്നുണ്ടെന്ന് സ്ഥാപിച്ച് എടുക്കാനുള്ള തിരക്കിലാണ് പല മുഖ്യധാര മാധ്യമങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."