എച്ച് 1 എന്‍ 1: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
മലപ്പുറം: ജില്ലയില്‍ എച്ച് 1 എന്‍ 1 കേസുകള്‍ ഈ വര്‍ഷം വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. എച്ച് 1 എന്‍ 1 കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത 2015ലെ അതേ സാഹചര്യമാണ് ഇത്തവണ നിലവിലുള്ളതെന്നും രോഗം പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2017 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 14 വരെ 103 എച്ച് 1 എന്‍ 1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 22 കേസുകളില്‍ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ തവനൂരില്‍ ഒരാള്‍ മരണപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ ഒരാള്‍ മരണപ്പെട്ടു. 2015ല്‍ കൂടുതല്‍ പേര്‍ക്കു രോഗം പിടിപെട്ടിരുന്നു. വൈറസ് മൂലമുണ്ടാകുന്ന രോഗത്തെ വ്യക്തി, പരിസര, സമൂഹ ശുചിത്വത്തിലൂടെ തടയാനാകും. വായുവിലൂടെയാണ് രോഗം പരക്കുന്നതെന്നതിനാല്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയും സൂക്ഷ്മകണങ്ങളില്‍ പതിച്ച പ്രതലങ്ങളില്‍നിന്നു കൈകളിലൂടെയും രോഗം പടരും. ജലദോഷപ്പനിയുടെ രൂപത്തിലാണ് രോഗത്തിന്റെ തുടക്കം. ഭൂരിഭാഗം പേര്‍ക്കും നിസാരതോതിലും തനിയെ മാറുന്നതുമായ എ വിഭാഗത്തില്‍പ്പെട്ട എച്ച് 1 എന്‍1 ആണ് ഉണ്ടാകുക. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മാര്‍ഗങ്ങളിലൂടെ ഇതിനെ തടയാനാകും. കഠിനമായ രോഗമുള്ളവര്‍ മാത്രം ഒസള്‍ട്ടാമിവര്‍ എന്ന മരുന്നുപയോഗിച്ചാല്‍ മതി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ മരുന്നു ലഭ്യമാണെന്നു ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍ ഡോ. മുഹമ്മദ് ഇസ്മാഈല്‍ പറഞ്ഞു.
രോഗം പടരാതിരിക്കാന്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും നിര്‍ബന്ധമായും തൂവാല കൊണ്ടോ മറ്റോ മൂക്കും വായയും മൂടണം. ജലദോഷപ്പനി, ചുമ മുതലായവയുളളപ്പോള്‍ ജോലിക്കോ സ്‌കൂളിലോ പോകാതെ വിശ്രമിക്കണം.
സൂക്ഷിക്കുക;
വെറും ജലദോഷമാണ് തുടക്കം
ജലദോഷപ്പനി ബാധിച്ച വ്യക്തിക്ക് അസാധാരണമായ ശ്വാസംമുട്ടല്‍. നെഞ്ചുവേദന, മയക്കം, ചുണ്ടിലോ, നഖങ്ങളിലോ നീലനിറം, കഫത്തില്‍ രക്തം എന്നിവയുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം. ഹൈ റിസ്‌ക് ഗ്രൂപ്പില്‍പ്പെട്ട ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, വൃക്ക കരള്‍ രോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍, രക്തസമ്മര്‍ദം, കാന്‍സര്‍, എച്ച്.ഐ.വി, നീണ്ട കാലയളവില്‍ സ്റ്റിറോയിഡ്‌സ് ഉപയോഗിക്കുന്നവര്‍ എന്നിവര്‍ നിസാരമായ ജലദോഷമോ ചുമയോ വന്നാലും ഡോക്ടറെ കാണണം
പൊതുസ്ഥലത്തു പോയതിനു ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം
കൃത്യസമയത്ത് ആഹാരം കഴിക്കുക
പോഷക ഗുണമുള്ള ചൂട് പാനീയങ്ങള്‍ ഇടവിട്ടു കുടിക്കുക
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വൈറ്റമിനുകള്‍ അടങ്ങിയ പപ്പായ, മാങ്ങ, നെല്ലിക്ക, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
ചുക്ക്, കുരുമുളക്, തുളസി മുതലായവ ചേര്‍ത്ത കാപ്പി ഉപയോഗിക്കുക
വേണ്ടത്ര വിശ്രമം, ഉറക്കം എന്നിവ ഉറപ്പാക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."