യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണം കവര്‍ന്ന് വഴിയിയില്‍ തള്ളിയ കേസ്: മുഖ്യ സൂത്രധാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കൊണ്ടോട്ടി: യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത് വഴിയിയില്‍ തള്ളിയ സംഭവത്തില്‍ മുഖ്യ സൂത്രധാരനടക്കം മൂന്നു പേരെ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് കണിയാമ്പറ്റ പൊറ്റമ്മല്‍ സബിന്‍ റാഷിദ്(24), കമ്പളക്കാട് ചെറുവണക്കാട് സി.എ. മഹ്സിന്(24),കമ്പളക്കാട് കൊഴിഞ്ഞങ്ങാട് കലംപറമ്പില്‍ കെ.എം. ഫഹദ്(22)എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ നാലുപേര്‍ പിടിയിലായിരുന്നു. കഴിഞ്ഞ ജൂലൈ നാലിനാണ് കേസിനാസ്ദമായ സംഭവം.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ മാഫിയക്കുവേണ്ടി എത്തിയ യുവാവിനെ വിമാനത്താവളത്തില്‍ വെച്ചാണ് വയനാട് സംഘം തട്ടികൊണ്ടുപോയത്. കസ്റ്റംസിന് വെട്ടിച്ച് കടത്തിയ സ്വര്‍ണം കൈക്കലാക്കാനാണ് യുവാവിനെ തട്ടികൊണ്ടുപോയത്. ഇതിന് പിന്നാലെ കൊടുവള്ളി സ്വര്‍ണക്കള്ളക്കടത്തു സംഘവും ഇയാളെ വാഹനത്തില്‍ കയറ്റികൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയത്.സ്വര്‍ണ മാഫിയയുടെ ഭീഷണി മൂലം പോലിസില്‍ പരാതിപ്പെടാന്‍ ഭയന്ന യുവാവ് പിന്നീട് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പൊലിസിന്റെ പ്രത്യേക അന്വോഷണ സംഘം നടത്തിയ പരിശോധനയിലാണ് വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൊട്ടേഷന്‍ സംഘത്തിലെ നാലു പേര് പിടിയിലായത്.
10 പേരടങ്ങുന്ന സംഘമാണ് കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസിന് ലഭിച്ച വിവരം. മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."