സൗത്ത് ബീച്ചില്‍ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും സ്വകാര്യ വ്യക്തിയുടെ കൈയേറ്റം
കോഴിക്കോട്: കലക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ഒഴിപ്പിച്ച സൗത്ത് ബീച്ചില്‍ വീണ്ടും സ്വകാര്യ വ്യക്തിയുടെ കൈയേറ്റം. ഒഴിപ്പിച്ച സ്ഥലം കൈയേറി കോഫി ഷോപ്പ് ഉടമ ഇവിടെ വീണ്ടും വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചു. അതേസമയം കൈയേറ്റം പൂര്‍ണമായും ഒഴിപ്പിച്ചുവെന്ന റിപ്പോര്‍ട്ടാണ് റവന്യു അധികൃതര്‍ കലക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ കൈയേറ്റം ഭാഗികമായിട്ടേ ഉപേക്ഷിച്ചിട്ടുള്ളൂവെന്ന് വ്യക്തമാണ്.
തുറമുഖ വകുപ്പില്‍ നിന്നും പാട്ടത്തിനെടുത്ത സ്ഥലത്ത് നിലനില്‍ക്കുന്ന ഈ കോഫി ഷോപ്പ് സൗത്ത് ബീച്ചിന്റെ നവീകരണത്തിന് തടസമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാട്ടക്കരാര്‍ പുതുക്കരുതെന്ന് തുറമുഖ വകുപ്പിനോട് ജില്ലാഭരണകൂടം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചിലരുടെ സ്വാധീനത്തോടെ കരാര്‍ പുതുക്കി കിട്ടുകയായിരുന്നു. എന്നാല്‍ പിന്നീട് സ്ഥാപനം സമീപത്തെ സ്ഥലങ്ങള്‍ കൈയേറിയതോടെ ബീച്ചിന്റെ നവീകരണം തടസപെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കലക്ടര്‍ യു.വി ജോസ് അനധികൃതമായി കൈയേറി നിര്‍മിച്ചവ പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ദിവസം ഉത്തവരിട്ടത്. ഇതിന്റെയടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ കിഴക്ക് ഭാഗത്തെ കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കി.
എന്നാല്‍ പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലെ കൈയേറ്റം പൊളിച്ചുനീക്കാതെ അധികൃതര്‍ ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുകയായിന്നു. കൈയ്യേറ്റം പൂര്‍ണമായും ഒഴിപ്പിച്ചുവെന്ന റിപ്പോര്‍ട്ടാണ് കലക്ടര്‍ക്ക് നല്‍കിയത്.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ച ഇടങ്ങളില്‍ തന്നെ വാട്ടര്‍ ടാങ്കുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. സൗത്ത് ബീച്ചിലേക്ക് ഇറങ്ങുന്നിടത്താണ് ഈ അനധികൃത കൈയേറ്റങ്ങള്‍.
ബീച്ച് നവീകരണ പ്രവൃത്തി ചെയ്യുന്നവരെയും സഞ്ചാരികളേയും കോഫിഷോപ്പിലെ ജീവനക്കാര്‍ തടയുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."