നിരോധനത്തെ അതിജീവിക്കാന്‍ ജെയ്‌ഷെ മുഹമ്മദ് പുതിയ പേരില്‍
ഇസ്‌ലാമാബാദ്: പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നിരോധനത്തെ അതിജീവിക്കുന്നതിനായി പുതിയ പേരു സ്വീകരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടന, മജ്‌ലിസ് വുറസാഎ ശുഹദാ ജമ്മു വ കശ്മിര്‍ എന്ന പേരിലാണ് ഇനി പ്രവര്‍ത്തിക്കുക. ജമ്മു കശ്മിരിലെ രക്തസാക്ഷികളുടെ അനന്തരാവകാശികളുടെ സംഘടന എന്നാണ് ഇതിനര്‍ഥം.
പുതിയ പേരില്‍ ജെയ്ഷ് എന്നത് ഒഴിവാക്കുകയും കശ്മിര്‍ എന്ന് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ ജമ്മുകശ്മിരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് പേരുമാറ്റമെന്നത് സുരക്ഷാസേന ഗൗരവത്തോടെയാണ് കാണുന്നത്.
ജമ്മു കശ്മിരിനെ ഇന്ത്യയില്‍ നിന്ന് വിഘടിപ്പിച്ച് പാകിസ്താന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഈ സംഘടനയെ ആഗോള സമ്മര്‍ദത്തെ തുടര്‍ന്ന് 2002ല്‍ പാകിസ്താന്‍ നിരോധിച്ചിരുന്നു. എന്നാല്‍ മറ്റു പേരുകളില്‍ പ്രവര്‍ത്തിച്ച് ജമ്മുകശ്മിരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. തുടക്കത്തില്‍ ഖുദമുല്‍ ഇസ്‌ലാം അല്‍ റഹ്മത്ത് ട്രസ്റ്റ് എന്നായിരുന്നു ജെയ്ഷിന്റെ പേര്.
ഈവര്‍ഷം ഫെബ്രുവരിയില്‍ ജയ്‌ഷെ പുല്‍വാമയില്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യയുടെ 40 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. 2016ല്‍ പത്താന്‍കോട്ട് വ്യോമതാവളത്തിനു നേരെ ആക്രമണം നടത്തിയതിനു പിന്നിലും മസ്ഊദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഈ സംഘടനയായിരുന്നു. 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലും 2016ലെ ഉറി ആക്രമണത്തിനു പിന്നിലും പ്രവര്‍ത്തിച്ച ജെയ്ഷിനെ പാകിസ്താനു പുറമെ യു.എന്നും യു.എസ്, റഷ്യ, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം സ്ഥാപകനേതാവ് മസ്ഊദ് അസ്ഹര്‍ അസുഖബാധിതനായതോടെ അദ്ദേഹത്തിന്റെ ഇളയ സഹോദരനായ മുഫ്ത്തി അബ്ദുല്‍ റഊഫ് അസ്ഹര്‍ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഇന്ത്യന്‍ വ്യോമസേന ബോംബിട്ടു തകര്‍ത്ത ബാലാകോട്ടിലെ മര്‍കസ് സയ്യിദ് അഹ്മദ് ശഹീദ് പരിശീലനകേന്ദ്രം റഊഫ് അസ്ഹര്‍ പുനരുജ്ജീവിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."