പാറ്റൂര്‍: ഫഌറ്റ് വാങ്ങിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നു ലോകായുക്ത
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഫഌറ്റ് വാങ്ങിയവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ലോകായുക്ത. കേസ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഫഌറ്റ് വാങ്ങിയവരെ അറിയിക്കണമെന്നും ഇതിന്റെ സത്യവാങ്മൂലം പത്തു ദിവസത്തിനകം നല്‍കണമെന്നും ഫഌറ്റ് നിര്‍മാതാക്കളായ ആര്ക്ക്ടെറ്റിനോട് ലോകായുക്ത ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചവര്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കും പാറ്റൂരില്‍ ഫഌറ്റ് ഉണ്ടെന്ന് ആരോപിച്ച് ജോയി കൈതാരമാണ് പരാതി നല്‍കിയത്.
കേസിന്റെ വാദം പൂര്‍ത്തിയായി അന്തിമ തീരുമാനം എടുക്കുന്നതിനു മുന്‍പ് ഫഌറ്റ് വാങ്ങിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നും ഇപ്പോള്‍ പരസ്യപ്പെടുത്തിയാല്‍ ഫഌറ്റ് പൊളിച്ചുമാറ്റേണ്ടി വരുമെന്നും നിര്‍മാതാക്കളുടെ അഭിഭാഷകര്‍ ലോകായുക്തയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണു വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നു ലോകായുക്ത തീരുമാനിച്ചത്.
അതേസമയം, ആവശ്യമെങ്കില്‍ അന്വേഷണത്തിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ ഫഌറ്റ് സ്വന്തമാക്കിയവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന് ലോകായുക്ത പരാതിക്കാരനായ ജോയ് കൈതാരത്തോട് പറഞ്ഞു.
കേസ് മൂന്നു മാസത്തിനകം അവസാനിപ്പിക്കണമെന്ന് പരാതിക്കാരന് ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചിരുന്നു. ഈ ഉത്തരവില്‍ ഹൈക്കോടതിയില്‍ നിന്ന് വ്യക്തത തേടാനും ലോകായുക്ത തീരുമാനിച്ചു. അതേ സമയം, വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി പാറ്റൂര്‍ ഭൂമിയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം അഞ്ചു പേരെ പ്രതി ചേര്‍ത്താണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."