മഴക്കെടുതി: സംസ്ഥാനത്ത് 42.3 കോടിയുടെ കൃഷിനാശം
തിരുവനന്തപുരം: മണ്‍സൂണ്‍ മഴക്കെടുതിയില്‍ സംസ്ഥാനത്ത് 42.3 കോടിയുടെ കൃഷിനാശം. ജൂണ്‍ എട്ടു മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കണക്കാണിത്. 2,142 ഹെക്ടര്‍ സ്ഥലത്തെ വിളകളാണ് നശിച്ചത്. ഇതിനാല്‍ 16,023 കര്‍ഷകര്‍ ദുരിതത്തിലായി.
കൃഷിവകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട്പ്രകാരം 32 ഇനം വിളകളാണ് നശിച്ചത്. 17.35 ലക്ഷം നാണ്യവിളകള്‍ നശിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 638.53 ഹെക്ടര്‍ കൃഷിനശിച്ചു. 20.54 കോടിയുടെ നഷ്ടവുമുണ്ടായി. ദുരിതംബാധിച്ചത് 4,777 കൃഷിക്കാരെയാണ്. ഏറ്റവും കുറവ് നാശനഷ്ടം കണ്ണൂരിലാണ്. 1.57 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. 5.60 ലക്ഷം നഷ്ടവും 142 കൃഷിക്കാരെയും ബാധിച്ചു. മണ്‍സൂണ്‍ മഴ ഏറ്റവും കൂടുതല്‍ കൃഷിക്കാരെ ബാധിച്ചത് കൊല്ലത്താണ് (5,210). തൃശൂര്‍ ജില്ലയില്‍ 30 കര്‍ഷകരെ മാത്രമാണ് മണ്‍സൂണ്‍ മഴ ബാധിച്ചത്.
അതേസമയം, കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വളരെ കുറവാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഓരോ വിളകളുടേയും പ്രാധാന്യം കണക്കിലെടുത്താണ് നഷ്ടം തിട്ടപ്പെടുത്തുന്നത്. കൃഷിക്കാര്‍ക്ക് വീണ്ടും വിത്തിറക്കാന്‍ ഈ തുക മതിയാകുന്നില്ലെന്നാണ് പരാതി. കൃഷിവകുപ്പിന്റെ മാനദണ്ഡപ്രകാരം കൃഷിനാശത്തിന് ലഭിക്കുന്നത് 19.18 കോടി രൂപ മാത്രമാണ്. 23.12 കോടി രൂപയുടെ നഷ്ടമാണ് കൃഷിക്കാര്‍ക്കുണ്ടാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനുപുറമേ കേന്ദ്രത്തില്‍നിന്നും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍, ഇത് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. മഴക്കാലം കഴിയുന്ന മുറയ്ക്ക് സംസ്ഥാനത്തിന്റെ മുഴുവന്‍ നഷ്ടവും കണക്കാക്കി കേന്ദ്രത്തില്‍ മെമ്മോറാണ്ടം സമര്‍പ്പിക്കുകയാണ് ആദ്യം ചെയ്യുക. ഇതിനുശേഷം കേന്ദ്രസംഘം സംസ്ഥാനത്ത് പരിശോധന നടത്തി റിപ്പോര്‍ട്ടു നല്‍കിയാല്‍ മാത്രമേ ഫണ്ടനുവദിക്കൂ. സംസ്ഥാനങ്ങള്‍ക്ക് വിവിധ ഫണ്ടുകള്‍ നല്‍കുന്നതു സംബന്ധിച്ച് കേന്ദ്രം മാനദണ്ഡങ്ങള്‍ പുതുക്കിയിട്ടുണ്ട്.
അതിനാല്‍ പുതിയ മാനദണ്ഡപ്രകാരം മെമ്മോറാണ്ടത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ തുകയും ലഭിക്കില്ല. നേരത്തേ ദുരിതാശ്വാസത്തിനായി സംസ്ഥാനങ്ങള്‍ക്കു നല്‍കിയിട്ടുള്ള ഫണ്ടുകളുടെ വിനിയോഗം പരിശോധിച്ചു മാത്രമേ പുതിയ ഫണ്ട് ലഭ്യമാക്കൂ. ഇത് കേരളത്തിന് തിരിച്ചടിയാകാനിടയുണ്ട്.
അതിനിടെ, ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്തപ്രതികരണ നിധിയില്‍ 170 കോടിയോളം രൂപചെലവഴിക്കാതെ കിടക്കുണ്ടെന്നാണ് കണക്കുകള്‍.
ജില്ലകളിലുണ്ടായ കൃഷിനാശം
(ജില്ലയുടെ പേര്, കൃഷിനാശം ഹെക്ടറില്‍, നഷ്ടം,
എത്ര കൃഷിക്കാരെ ദുരിതത്തിലാക്കി എന്ന ക്രമത്തില്‍)
തിരുവനന്തപുരം 638.53 20.54 കോടി 4777
കൊല്ലം 364.96, 6.51 കോടി 5210
ആലപ്പുഴ 172.09 2.03 കോടി 1031
പത്തനംതിട്ട 34.18 18.977 ലക്ഷം 102
കോട്ടയം 544.82 2.43 കോടി 650
ഇടുക്കി 197.91 3.60 കോടി 1485
എറണാകുളം 13.08 44.50 ലക്ഷം 73
തൃശ്ശൂര്‍ 10.97 42.95 ലക്ഷം 30
പാലക്കാട് 35.10 77.15 ലക്ഷം 330
മലപ്പുറം 31.36 85.29 ലക്ഷം 652
കോഴിക്കോട് 4.41 17.99 ലക്ഷം 63
വയനാട് 68.65 3.37 കോടി 444
കണ്ണൂര്‍ 1.57 5.60 ലക്ഷം 142
കാസര്‍കോട് 24. 73 96.81 ലക്ഷം 1034
വിളകളുടെ നാശം (പേര്, എത്ര ഹെക്ടര്‍, നഷ്ടം,
നശിച്ച നാണ്യവിളയുടെ എണ്ണം എന്ന ക്രമത്തില്‍)
നെല്‍കൃഷി 141.20 56.48 ലക്ഷം
പച്ചക്കറികള്‍ 186.09 46.52 ലക്ഷം
തെങ്ങുകൃഷി 162.92 2.01 കോടി 28,511
വാഴ 640.86 31.74 കോടി 16.02 ലക്ഷം
റബ്ബര്‍ 109.98 3.69 കോടി 54,990
കുരുമുളക് 25.35 55 ലക്ഷം 27880
കാപ്പി 2.50 5 ലക്ഷം 2500
മരച്ചീനി 615.71 1.23 കോടി
ഇഞ്ചി 27.60 13.80 ലക്ഷം
ഏലം 96.80 29.04 ലക്ഷം
കശുമാവ് 16 മരങ്ങള്‍ 9,600 രൂപ.
മണ്‍സൂണ്‍ മഴ സംസ്ഥാനത്ത് കുറവ്
മണ്‍സൂണ്‍ മഴയില്‍ ഗണ്യമായ കുറവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 143 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് 105 സെന്റീമീറ്റര്‍മാത്രമാണ് ഇതുവരെ ലഭിച്ചത്. എറണാകുളത്താണ് കൂടുതല്‍ മഴ ലഭിച്ചത് (127 സെന്റീമീറ്റര്‍). കുറവ് വയനാട്ടിലാണ് ( 76 സെന്റീമീറ്റര്‍). ജൂലായ് പകുതിക്കുശേഷം മഴ ഗണ്യമായി കുറഞ്ഞു. പ്രധാന അണക്കെട്ടുകളിലെ റിസര്‍വോയറുകളില്‍ ആവശ്യത്തിനു വെള്ളമുണ്ടെങ്കിലും താരതമ്യേന കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ 2344.3 അടിയും മുല്ലപ്പെരിയാറില്‍ 120.1 അടിയുമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ റിസര്‍വോയറുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."