ഭാഷ അടിച്ചേല്‍പ്പിക്കേണ്ടതല്ല; മാതൃഭാഷ ഏറ്റവും പ്രധാനം: ഉപരാഷ്ട്രപതി
സ്വന്തം ലേഖകന്‍
മലപ്പുറം: ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കേണ്ടതില്ലെന്നും ഓരോരുത്തര്‍ക്കും അവരുടെ മാതൃഭാഷ ഏറ്റവും പ്രധാനമാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു.
രാജ്യത്ത് ഒരുഭാഷയെന്ന വാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സൃഷ്ടിച്ച വിവാദത്തിനു പിന്നാലെയാണ് മാതൃഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി ഉപരാഷ്ട്രപതിയുടെ പരാമര്‍ശം. മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കിയാവണം വിദ്യാഭ്യാസം. കുട്ടികള്‍ അവരുടെ മാതൃഭാഷയില്‍ പഠിക്കണമെന്നും കേരളത്തിന്റെ ഒന്നാമത്തെ ഭാഷ മലയാളമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വൈദ്യരത്‌നം പി.എസ് വാര്യരുടെ 150ാം ജന്‍മവാര്‍ഷികാഘോഷ ഉദ്ഘാടന പ്രസംഗത്തിലാണ് വെങ്കയ്യനായിഡു ഭാഷാ വിഷയത്തില്‍ പ്രതികരിച്ചത്.
ഒരു ഭാഷയും എതിര്‍ക്കേണ്ടതല്ല. ആവശ്യമെങ്കില്‍ മറ്റുഭാഷകളും പഠിക്കണം. മാതൃഭാഷ കണ്ണും മറ്റു ഭാഷകള്‍ കണ്ണടയുമായാണ് പരിഗണിക്കേണ്ടത്. ഇപ്പോഴുളള വിവാദം അനാവശ്യമാണ്.
കാശ്മിര്‍ മുതല്‍ കന്യാകുമാരി വരേ ഒരു രാജ്യമാണ്. വൈവിധ്യത്തിലുള്ള ഏകതയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി.
സ്റ്റേജിലും സദസിലുമുള്ളവരെ മലയാളത്തില്‍ അഭിസംബോധന ചെയ്താണ് ഉപരാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. അരമണിക്കൂറോളം സമയം നീണ്ട അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം മലയാളവും ഹിന്ദിയും കലര്‍ത്തി ഇംഗ്ലീഷില്‍ തുടര്‍ന്നു.
ഭാഷാ വിവാദവുമായി ആഭ്യന്തര മന്ത്രി അമിത്ഷാ ഹിന്ദി ദിനാചരണ വേളയിലായിരുന്നു ഹിന്ദി വാദമുന്നയിച്ചു രംഗത്തുവന്നത്. വിവാദം അവസാനിക്കും മുമ്പേ മാതൃഭാഷക്കു പരിഗണന നല്‍കണമെന്നും ഭാഷകളുടെ പേരില്‍ വിവാദം വേണ്ടെന്നുമുള്ള ഉപരാഷ്ട്രപതിയുടെ പ്രസംഗം ബി.ജെ.പിക്കു തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."