സമനിലക്കുരുക്കഴിയുമോ
കൊച്ചി: സമനില എന്ന ശാപത്തില്‍നിന്ന് മുക്തരാകാനൊരുങ്ങിയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലിറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ ആദ്യ മത്സരത്തിലൊഴികെ നാലിലും സമനിലയായിരുന്നു കേരളത്തിന്റെ സമ്പാദ്യം. തുടര്‍ച്ചയായി മത്സരങ്ങള്‍ സമനിലയിലാകുന്നത് കളിക്കാര്‍ക്കൊപ്പം തന്നെ ആരാധകരെയും കടുത്ത നിരാശയിലാക്കിയിട്ടുണ്ട്. ഈ മത്സരമെങ്കിലും ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.
അതുകൊണ്ടുതന്നെ സീസണിലെ എറ്റവും മികച്ച ടീമുകളിലൊന്നായ ബംഗളൂരു എഫ്.സിക്കെതിരേ ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ചിന്തിക്കുന്നില്ല. ഇന്ന് ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് 10 പോയിന്റുമായി പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തെത്താം. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് മുന്‍കാല ചരിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരേ ഒരുതവണ പോലും ജയിക്കാന്‍ കേരളത്തിന് സാധിച്ചിട്ടില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ കീഴിലിറങ്ങുന്ന ബംഗളൂരു കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ രണ്ടുതവണ വിജയം നേടിയ ആത്മവിശ്വാസവുമായാണ് കളത്തിലിറങ്ങുന്നത്. ഇന്ന് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാല്‍ ബംഗളൂരുവിന് പോയിന്റ് ടേബിളില്‍ ഒന്നാമതെത്താം.
ഇതുവരെയുള്ള മത്സരങ്ങളില്‍ പരാജയം രുചിക്കാതെയാണ് മുന്നേറുന്നതെന്നു പറയുമ്പോഴും ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ അവരുടെ ഹോംഗ്രൗണ്ടില്‍ പരാജയപ്പെടുത്തിയത് മാത്രം.
അവസാന മത്സരത്തില്‍ റഫറിയിങിലെ പോരായ്മകളാണ് ബ്ലാസ്റ്റേഴ്‌സിനെ സമനിലക്കുരുക്കില്‍ തളച്ചത്. സമനിലയിലായെങ്കിലും മത്സരത്തില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രതിരോധനിരയിലേക്ക് അനസ് മടങ്ങിയെത്തുമെന്ന സൂചനകളാണ് ടീം ക്യാംപില്‍ നിന്ന് ലഭിക്കുന്നത്.
അങ്ങനെയെങ്കില്‍ പ്രതിരോധം കൂടുതല്‍ കരുത്താകും. ഇടവേളയ്ക്ക് ശേഷം സി.കെ വിനീത് ഗോള്‍ കണ്ടെത്തിയത് ആശ്വാസകരമാണ്. മധ്യനിരയില്‍ സി.കെ വിനീതിനൊപ്പം മലയാളി താരം സഹല്‍ അബ്ദുല്‍ സമദും കളത്തിലെത്തിയാല്‍ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ അക്രമകാരികളാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍. സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും കരുത്തുറ്റതാണ്. കഴിഞ്ഞ കളിയില്‍നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാവാന്‍ സാധ്യത കുറവാണ്. ഐ.എസ്.എല്ലില്‍ മികച്ച മുന്നേറ്റം നടത്തുന്ന ബംഗളൂരു എഫ്.സി കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും വിജയിച്ചിരുന്നു. ഒരു മത്സരത്തില്‍ സമനിലയും നേടി. പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് ബംഗളൂരു. മുന്നേറ്റ നിരയും പ്രതിരോധ നിരയും ഒരുപോലെ മികച്ചതാണെന്നതാണ് ബംഗളൂരുവിന്റെ നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."