ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ശബരിമല വിഷയം അത് അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സ്ഫോടനാത്മകവും അതീവ സങ്കീര്‍ണവുമായ സാഹചര്യമാണ് ശബരിമലയില്‍ നിലനില്‍ക്കുന്നത്. മുഖ്യമന്ത്രി പിടിവാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിച്ച് സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് പോകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമലയില്‍ ഇപ്പോള്‍ മുഴങ്ങുന്നത് പോര്‍വിളിയാണ്. ശബരിമലയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായേ ഇതിനെ കാണാന്‍ സാധിക്കൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കടുംപിടിത്തത്തില്‍ സി.പി.എമ്മിലെ തന്നെ വലിയ വിഭാഗത്തിന് അതൃപ്തിയുണ്ട്. സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബിയുടെ ഒരു ചെറിയ വിഭാഗം മാത്രമാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂരില്‍നിന്നും സി.പി.എമ്മും ആര്.എസ്.എസും ചാവേറുകള്‍ക്ക് പരിശീലനം നല്കി ശബരിമലയിലേക്ക് അയച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അമിത് ഷാ കേരളത്തില്‍ എത്തിയത് ശബരിമലയില്‍ ബി.ജെ.പി സ്വീകരിക്കേണ്ട തന്ത്രത്തെക്കുറിച്ചുള്ള തീരുമാനം നേതൃത്വത്തെയും അണികളെയും ബോധ്യപ്പെടുത്താനാണ്. വിഷയത്തില്‍ സി.പി.ഐ, ജനതാദള്‍ സെക്യുലര്‍ എന്നിവരുടെ നിശബ്ദത അപകടമാണെന്നും വീരേന്ദ്രകുമാര്‍ സമാധാന ശ്രമങ്ങള്‍ക്കു മുന്‍കൈ എടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."