രക്ഷിക്കാം, ഭൂമിയെ
നദികള്‍ നിസഹായര്‍
നീരുറവകളാല്‍ സമൃദ്ധമാണ് കേരളം. ചെറുതും വലുതുമായ 44 നദികള്‍ നമുക്കുണ്ട്. എന്നിട്ടും കുടിവെള്ളത്തിനും ജലസേചനത്തിനും ബുദ്ധിമുട്ടുന്നു. എന്താണു കാരണമെന്നല്ലേ? പുഴകളുടെ ഉത്ഭവസ്ഥാനവും സംഗമകേന്ദ്രമായ കടലും തമ്മില്‍ വലിയ അകലമൊന്നുമില്ലാത്തതിനാല്‍, മഴവെള്ളവും ഉറവയും കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോകുക മാത്രമാണ് പുഴകള്‍ ചെയ്യുന്നത്. വെള്ളം വേണ്ടതുപോലെ ഉപയോഗിക്കാനോ, സംരക്ഷിക്കാനോ ഫലപ്രദമായ നടപടികള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു.
അമിത രാസവളപ്രയോഗം മൂലം മണ്ണിന്റെ ഉല്‍പാദനക്ഷമതയിലുണ്ടായ ഇടിച്ചിലും സ്വാഭാവികമായ മണ്ണിന്റെ ജൈവികതയിലുണ്ടായ ശോഷണവും കര്‍ഷകരെ തെല്ലൊന്നുമല്ല ബാധിച്ചത്. മരുഭൂവല്‍ക്കരണം വര്‍ഷംപ്രതി കൂടിവരുന്നു. മണ്ണിനും പ്രകൃതിക്കും മേലുള്ള അമിതാക്രമണം തുടരുകയാണെങ്കില്‍, മരുഭൂമി ഭൂമിയുടെ ഹരിതാഭയെ വിഴുങ്ങി ആവാസവ്യവസ്ഥയെ തകിടം മറിക്കുമെന്നു തീര്‍ച്ചയാണ്.
ഒഴുകിപ്പോകരുതേ
പ്രകൃതിയുടെ വൃക്കകള്‍ എന്നറിയപ്പെടുന്ന കണ്ടല്‍ച്ചെടികളുടെ നാശവും തണ്ണീര്‍ത്തടങ്ങളുടെ തകര്‍ച്ചയും നമ്മെ ഓര്‍മിപ്പിക്കാനുള്ള ദിനങ്ങള്‍ ആചരിച്ചുപോകുന്നതല്ലാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുഴവെള്ളവും മഴവെള്ളവും ഭൂമിയില്‍ താഴ്ന്നു പോകാനുള്ള സംവിധാനങ്ങള്‍ ഇനിയും വേണ്ടതുപോലെ നടന്നിട്ടില്ല. ഇത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന ബോധമാണ് ആദ്യമായി നമുക്ക് വേണ്ടത്, ഉണ്ടാവേണ്ടത്.
മഴവെള്ളം
അമൂല്യമായ മഴവെള്ളം ഒഴുകിപ്പോകാതെ ഭൂമിക്കുതന്നെ തിരിച്ചു നല്‍കേണ്ടതിനെപ്പറ്റി അറിവുണ്ടാകണം. ഇന്ന് നിര്‍മിക്കുന്ന കൂടുതല്‍ വീടുകളുടെയും മുറ്റം കോണ്‍ക്രീറ്റ് ചെയ്യുകയോ, ഇന്റര്‍ലോക്ക് പതിക്കുകയോ ചെയ്യുന്നു. മുറ്റത്തുവീഴുന്ന മഴ ഒഴുകിപ്പോകാനേ ഇതു സഹായിക്കൂ. ഒപ്പം അസഹ്യമായ ചൂടും. ഓവുചാലുകളിലും വേണം ഈ സ്വാഭാവികരീതി. സിമന്റ് ചൂടു വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഭൂഗര്‍ഭജലം
കുഴല്‍ക്കിണറുകള്‍ക്ക് പരിധി നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളമുള്ള ഇടങ്ങളില്‍ കിണറുകള്‍ മതി. ഒട്ടും സാധ്യതയില്ലെങ്കില്‍ മാത്രം കുഴല്‍ക്കിണറുകളെ ആശ്രയിക്കുക. ആഴങ്ങളില്‍ തങ്ങിനില്‍ക്കുന്ന ഭൂഗര്‍ഭജലമാണല്ലോ കുഴല്‍വഴി മുകളിലെത്തുന്നത്. അതുമാത്രമാണ് നമുക്കുള്ള ജലധാര. അമിതമായ കുഴല്‍ക്കിണറുകള്‍ ഭൂഗര്‍ഭജലത്തിന്റെ തോത് താഴ്ത്തുകയാണ് ചെയ്യുന്നത്.
ക്ഷണിച്ചുവരുത്തുന്ന ആഗോളതാപനം
കൃഷിയിടങ്ങളില്‍ വിവേചനരഹിതമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ മനുഷ്യ നിലനില്‍പിന് ഭീഷണിയാണ്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫഌറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ച യ്ക്കു കാരണമാകുന്നു. ഇത് ആഗോളതാപനത്തിന് കാരണമാകുന്നു.
നമുക്ക് ചെയ്യാനുള്ളത്
മരുഭൂവല്‍ക്കരണം തടയാന്‍ നമുക്കെന്തൊക്കെ ചെയ്യാം? കാരണങ്ങള്‍ കണ്ടെത്തി പരിഹാരനടപടികള്‍ സ്വീകരിക്കുകയാണ് ഉചിതം.
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
ജീവജാലങ്ങള്‍ അതിജീവനത്തിലാണിപ്പോള്‍. ഇതിനെല്ലാം കാരണം മനുഷ്യന്‍ തന്നെ. പച്ചപ്പിനെ മരുഭൂമിയാക്കുന്നതും അവര്‍ തന്നെ. ഓര്‍ക്കുക. നാം തന്നെ നമുക്കു ശവക്കുഴി തോണ്ടുകയാണ്...!
വെടിക്കെട്ടുകള്‍
ഉല്‍സവങ്ങളും ആഘോഷങ്ങളും എത്രത്തോളം പൊലിപ്പിക്കാമെന്നിടത്താണ് ശ്രദ്ധ. വെടിമരുന്നുപയോഗിച്ചുള്ള പടക്കപ്രയോഗം അന്തരീക്ഷത്തെ വിഷമയമാക്കുന്നു. ഇവിടെയും സില്‍വര്‍ നൈട്രേറ്റ് തന്നെയാണ് വില്ലന്‍. ഇത്, മഴമേഘങ്ങളെ നശിപ്പിക്കുന്നു. പൂരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ശക്തിതെളിയിക്കാനും ഗംഭീരവെടിക്കെട്ടുനടത്തുന്നവര്‍ ഇതു വല്ലതും ഓര്‍ക്കുന്നുണ്ടോ?
പാടങ്ങള്‍ നികത്തുന്നത്
പത്തുവര്‍ഷം മുന്‍പുള്ള പാടശേഖരക്കാഴ്ചകളാണോ ഇന്നു കാണുന്നത്? അല്ലേയല്ല. പ്രധാന ആഹാരമായ അരിക്കുവേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിനു കാരണം നമ്മള്‍ തന്നെയാണ്. പാടം മണ്ണിട്ടുനികത്തി കോണ്‍ക്രീറ്റുമാളികകള്‍ പണിയുമ്പോള്‍ ഇതൊന്നും അറിയാന്‍ ശ്രമിക്കാറില്ല. മുമ്പൊന്നും ഇങ്ങനെയൊരുപ്രവണതയുണ്ടായിരുന്നില്ല.
വയല്‍ജലം
പാടങ്ങളെ ജീവനെപ്പോലെ കരുതിപ്പോന്നിരുന്നവരായിരുന്നു പൂര്‍വീകര്‍. എത്രവര്‍ഷങ്ങള്‍കൊണ്ടാണ് കൃഷിക്കുവേണ്ട കളിമണ്ണും എക്കലും മറ്റു ഫലഭൂയിഷ്ഠതകളും വയലില്‍ നിറയുന്നത്. വളരെ നാളത്തെ പരിശ്രമഫലമായാണ് ഒരു പാടം രൂപപ്പെടുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന വയലുകള്‍ ഭൂമിക്കു ചെയ്യുന്ന ഉപകാരങ്ങളെക്കുറിച്ചും ഉത്തമബോധം അവര്‍ക്കുണ്ടായിരുന്നു. പാടങ്ങള്‍ ഒഴിവാക്കി മറ്റു പ്രദേശങ്ങളില്‍ അവര്‍ വീടുവച്ചു. വയലേലകളില്‍ തങ്ങിനില്‍ക്കുന്ന വെള്ളം ഭൂമിയിലേയ്ക്കാഴ്ന്നിറങ്ങുമായിരുന്നു. അതുവഴിയാണ് ഭൂമി, മരുഭൂവാകാതെ ആര്‍ദ്രതയോടെ ഇത്രനാളും നിലകൊണ്ടത്.
ഉറവകള്‍
നനവ് നഷ്ടപ്പെട്ട് മണ്ണ് ഊഷരമായി. പുല്‍നാമ്പുകള്‍ കിളിര്‍ക്കാതിരിക്കുന്നതാണല്ലോ മരുഭൂവിന്റെ കാരണം. ഇവിടെയാണ് ഉറവകളുടെ സ്ഥാനവും വിലയും. ഭൂമി നീര്‍ ചുരത്തണമെങ്കില്‍ ഉറവകള്‍ ഉണ്ടാകണം. വെള്ളസമൃദ്ധിയുണ്ടെങ്കിലേ ഉറവയുണ്ടാകൂവെന്നറിയണം. മണ്ണില്‍ ഉറവകള്‍ രൂപപ്പെടണമെങ്കില്‍ നൂറുശതമാനമെങ്കിലും ഈര്‍പ്പം നിലനില്‍ക്കണം. ഇതിന്റെ പകുതിയിലാണ് ഈര്‍പ്പമെങ്കില്‍ പുല്‍നാമ്പുകള്‍ക്കു ജീവന്‍ നഷ്ടപ്പെടും. അത് വരള്‍ച്ചയെന്ന പ്രതിഭാസത്തിലേക്കു നീങ്ങും.
പാറമടകളില്‍
കരിങ്കല്‍ ക്വാറികളാണ് മറ്റൊരു പരിസ്ഥിതിപ്രശ്‌നം. പാറപൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനും ശബ്ദമലിനീകരണത്തിനും കാരണമാകുന്നു. വെടിയുപ്പിലടങ്ങിയ സില്‍വര്‍ നൈട്രേറ്റ് എന്ന രാസമൂലകം ഭൂഗര്‍ഭജലത്തില്‍ കലരുന്നു. ഇത് പച്ചനിറത്തിലുള്ള മലിനജലമുണ്ടാക്കുന്നു. പാറമടകളില്‍ തങ്ങിയ ജലമെല്ലാം ഇങ്ങനെ മലിനമായി ഉപയോഗശൂന്യമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."