ഫിലിപ്പൈന്‍സില്‍ സര്‍ക്കാര്‍- ഐ.എസ് ഏറ്റുമുട്ടല്‍; 100ലേറെ മരണം
മനില: ഫിലിപ്പൈന്‍സ് നഗരമായ മറാവിയില്‍ സര്‍ക്കാര്‍ സൈന്യവും ഐ.എസ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെ മരണം.
ഇവിടെ നിന്ന് നിരവധി പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഫിലിപ്പൈന്‍സിലെ ദക്ഷിണ ദ്വീപായ മിന്ദനാവോയിലാണ് സൈന്യവും ഐ.എസ് ഭീകരരും തമ്മില്‍ പോരാട്ടം രൂക്ഷമായിരിക്കുന്നത്. മിന്ദനാവോ ശക്തികേന്ദ്രമാക്കാനുള്ള ഭീകരരുടെ നീക്കത്തിനെതിരേ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറ്റെര്‍റ്റെ യുദ്ധം പ്രഖ്യാപിച്ചിരുന്നു.
രാജ്യവ്യാപകമായി സൈനികനിയമം നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപിറകെയാണ് സൈന്യം ഭീകരവേട്ട തുടങ്ങിയത്. ഏറ്റുമുട്ടലില്‍ മൂന്ന് ആഴ്ചയ്ക്കിടെ 206 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 58 പേര്‍ സൈനികരും 26 പേര്‍ നാട്ടുകാരുമാണ്. ഐ.എസിന്റെ കറുത്ത പതാക നഗരത്തിലെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ കെട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു ലക്ഷമാണ് നഗരത്തിലെ ജനസംഖ്യ. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധിപേര്‍ നാടുവിട്ടിട്ടുണ്ടെങ്കിലും ആയിരങ്ങള്‍ ഇനിയും നഗരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭീകരര്‍ പിടികൂടുമെന്ന ഭയത്തിലാണ് നാട്ടുകാര്‍ കഴിയുന്നത്.
ഭക്ഷണത്തിനും കുടിവെള്ളത്തിനും നാട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. നഗരത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."