ആശാ ലോറന്‍സിന്റെ പരാതി: സിഡ്കോയില്‍ മൂന്നു ജീവനക്കാര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് നല്കിയ പരാതിയെ തുടര്‍ന്ന് സിഡ്കോ മാനേജിങ് ഡയരക്ടര്‍ മൂന്നു ജീവനക്കാരെ സ്ഥലം മാറ്റി. അതേസമയം, ഇവരുടെ പരാതിയില്‍ പറഞ്ഞിരുന്ന സി.പി.എം മുന്‍ മന്ത്രിയുടെ ഭാര്യാ സഹോദരിക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. ആശാ ലോറന്‍സിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്. ഷാഹിദ, പി.ആര് പദ്മ, എം.എസ് ഫയസ് എന്നിവരെയാണ് നടപടിയുടെ ഭാഗമായി സെയില്‍സ് എംപോറിയത്തില്നിന്ന് വിവിധ യൂനിറ്റുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റപ്പെട്ടവരും ആശയും തിരുവനന്തപുരം നഗരത്തിലുള്ള സെയില്‍സ് എംപോറിയത്തിലാണ് ജോലി ചെയ്തിരുന്നത്.
സഹപ്രവര്‍ത്തകര്‍ അപമാനിച്ചും വേദനിപ്പിച്ചും സംസാരിച്ചതായി കാണിച്ച് ആശാ ലോറന്‍സ് സിഡ്കോ എം.ഡിക്കും കന്റോണ്‍മെന്റ് പൊലിസിനും പരാതി നല്‍കിയിരുന്നു. മന്ത്രിയുടെ ഭാര്യാ സഹോദരിക്കെതിരായ പരാതി മൂടിവയ്ക്കാനും നടപടി സ്വീകരിക്കാതിരിക്കാനും ശ്രമമുണ്ടെന്ന് പരാതിക്കാരി നേരത്തെതന്നെ ആരോപിച്ചിരുന്നു. സിഡ്കോ നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് ജീവനക്കാര്‍ക്കെതിരേ ഇപ്പോള്‍ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ആശ നേരത്തെ എം.ഡിയുടെ ഓഫിസിനു മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചിരുന്നു.
നടപടിക്ക് വിധേയരായ സിഡ്കോ ജീവനക്കാര്‍ക്കെതിരേ കന്റോണ്‍മെന്റ് സ്റ്റേഷനിലും ആശ പരാതി നല്‍കിയിട്ടുണ്ട്. പരാതി അന്വേഷിക്കാനെത്തിയ കന്റോണ്‍മെന്റ് എസ്.ഐ പരാതിക്കാരിയായ തന്നോട് മോശമായി പെരുമാറിയെന്നു കാണിച്ച് ആശ ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ടുപരാതിയിലും പൊലിസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."