സമൂഹമാധ്യമങ്ങളിലെ 'മരണക്കെണി'; നടപടിയുമായി പൊലിസ്
കല്‍പ്പറ്റ: സമൂഹമാധ്യമത്തിലെ 'മരണക്കെണി' ക്കെതിരേ നടപടിയുമായി പൊലിസ്. അടുത്തിടെ വയനാട്ടിലെ കമ്പളക്കാട് സുഹൃത്തുക്കളായ രണ്ട് കൗമാരക്കാര്‍ ചെറിയ ഇടവേളയില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട അന്വേഷണമാണ് 'മരണക്കെണി' ഒരുക്കുന്ന സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലെത്തി നില്‍ക്കുന്നത്. കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരം ഗ്രൂപ്പുകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിനൊപ്പം സൈബര്‍ കുറ്റാന്വേഷണ വിദഗ്ധരുടെ സഹായത്തോടെ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് അബ്രാഹാമിനാണ് വയനാട്ടിലെ അന്വേഷണച്ചുമതല.
കൗമാരക്കാരെ മരണത്തിലേക്ക് തള്ളിവിടാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് സുഹൃത്തുക്കളുടെ ആത്മഹത്യക്ക് കാരണമായതെന്നാണ് കണ്ടെത്തല്‍. മരിച്ച വിദ്യാര്‍ഥികള്‍ വിഷാദത്തിലേക്കും ഏകാന്തതയിലേക്കും കുട്ടികളെ തള്ളിവിടുന്ന സമൂഹമാധ്യമങ്ങളിലെ 'മരണ പേജുകള്‍' ഫോളോ ചെയ്തിരുന്നു. ഇവര്‍ പിന്തുടര്‍ന്നിരുന്ന ഇന്‍സ്റ്റഗ്രാമിലെ 'സൈക്കോ ചെക്കന്‍' എന്ന പേജില്‍ ജീവിതത്തോടുള്ള നിഷേധ മനോഭാവവും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കവുമാണുള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി മരിച്ച കുട്ടികളുടെയും സുഹൃത്തുക്കളുടെയും ഉള്‍പ്പെടെ എട്ടോളം മൊബൈല്‍ ഫോണുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് വിദഗ്ധ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, കൊച്ചിയിലും ഇത്തരം കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എല്ലാ ജില്ലകളിലെയും പൊലിസിന് ഇക്കാര്യം നിരീക്ഷിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അന്വേഷണത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ചതായും സൂചനയുണ്ട്.
സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ വിനോദ് ഭട്ടതിരിപ്പാടും അന്വേഷണത്തില്‍ പൊലിസുമായി സഹകരിക്കുന്നുണ്ട്. പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനാണ് മുന്‍ഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായി മരിച്ച കൗമാരക്കാരുടെ സുഹൃത്തുക്കളായ 12 പേരെയും അവരുടെ രക്ഷിതാക്കളെയും പൊലിസ് ഇന്നലെ കമ്പളക്കാട് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൗണ്‍സലിങ്ങിന് വിധേയരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."