സാര്‍ക് ഉച്ചകോടി; തീവ്രവാദികള്‍ രക്തസാക്ഷികളല്ല; തീവ്രവാദ രാജ്യങ്ങളെ ഒറ്റപ്പെടുത്തണം: രാജ്‌നാഥ്‌സിങ്
ഇസ്‌ലാമാബാദ്: തീവ്രവാദികളെ രക്തസാക്ഷികളെന്ന് വാഴ്ത്തുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രസംഗം ചിത്രീകരിക്കുന്നതില്‍ നിന്നും പാക് മാധ്യമങ്ങളെ വിലക്കി. പാകിസ്താനിലെ ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ പാകിസ്താനെതിരേ ആഞ്ഞടിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസംഗമാണ് മാധ്യമങ്ങളോട് സംപ്രക്ഷണം ചെയ്യരുതെന്ന് പാക്‌സിതാന്‍ ആവശ്യപ്പെട്ടത്.
പാക് ദേശീയ ചാനലായ പി.ടി.വി പ്രതിനിധികളെ മാത്രമേ കോണ്‍ഫറന്‍സില്‍ കടത്തിവിട്ടിരുന്നുള്ളൂ. പി.ടി.വിയില്‍ രാജ്‌നാഥിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതുമില്ല. ചടങ്ങിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല.
നല്ല തീവ്രവാദി, മോശം തീവ്രവാദി എന്ന ഒന്നില്ല. തീവ്രവാദം തീവ്രവാദം തന്നെയാണ്. ത്രീവവാദത്തിനെതിരേ മാത്രമല്ല, ത്രീവവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കെതിരേയും സംഘടനകള്‍ക്കെതിരേയും വ്യക്തികള്‍ക്കെതിരേയും ശക്തമായ നടപടികളുണ്ടാകണമെന്ന് പാകിസ്താനെ പരോക്ഷമായി പരാമര്‍ശിച്ച് സിങ് പറഞ്ഞു.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം. തീവ്രവാദികളെ രക്തസാക്ഷികളെന്ന് വാഴ്ത്തുകയോ മഹത്വവല്‍ക്കരിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ കശ്മീരില്‍ സുരക്ഷാ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ജൂണ്‍ 8 കരിദിനമാചരിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമല്ലെന്നും ഷെരീഫ് പറഞ്ഞിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമായതിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നേതാവ് പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. സാര്‍ക് ഉച്ചകോടിക്ക് മുമ്പായി പാക് ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാനുമായി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.
സാര്‍ക് യോഗം തുടങ്ങുന്നതിന് മുമ്പ് വേദിയായ സെറീന ഹോട്ടലില്‍ രാജ്‌നാഥ് സിങ് പാക് ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാനുമായി ഹസ്തദാനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."