ഉന്നാവോ പീഡനം: അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നു സി.ബി.ഐക്കു സുപ്രിം കോടതിയുടെ നിര്‍ദേശം. യു.പിയിലെ എം.എല്‍.എയും ബി.ജെ.പി നേതാവുമായ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ഉള്‍പ്പെട്ട കേസില്‍ നീതിയുക്തവും വേഗതയുമുള്ള അന്വേഷണം നടത്തണമെന്ന് ഈ മാസം ആദ്യത്തില്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിയും അവരുടെ അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും രണ്ടു ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്ത അപകടത്തെ തുടര്‍ന്നുള്ള കേസിലാണ് സി.ബി.ഐക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി രണ്ടാഴ്ചകൂടി അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അപകടത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ മൊഴിയെടുക്കാനായിട്ടില്ലെന്നു വ്യക്തമാക്കിയപ്പോഴാണ് കോടതി രണ്ടാഴ്ചകൂടി അനുവദിച്ചത്. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.
അപകടക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ആറിനു സുപ്രിംകോടതി രണ്ടാഴ്ച സമയം അനുവദിച്ചിരുന്നു. ഇത് സാധിക്കാത്തതിനാലാണ് രണ്ടാഴ്ചകൂടി അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് ബന്ധുക്കളോടും അഭിഭാഷകനോടുമൊപ്പം സഞ്ചരിക്കവേ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടിരുന്നു. ഇത് കൊലപാതകശ്രമമാണെന്നാണ് ആരോപിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."