സദ്ഗ്രഹ ആദിവാസി ഭവന പദ്ധതി; 161 വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍
കല്‍പ്പറ്റ: ഹൈറേഞ്ച് റൂറല്‍ ഡെലപ്‌മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്) സദ്ഗ്രഹ ആദിവാസി ഭവന പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു.
പദ്ധതിയുടെ രണ്ടാം ഘട്ടമായി പൊഴുതന പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളില്‍ നിര്‍മിക്കുന്ന 161 വീടുകളുടെ പ്രവൃത്തിയാണ് പൂര്‍ത്തിയാകുന്നത്. വീടുകളുടെ കൈമാറ്റം ഡിസംബറില്‍ നടത്തുമെന്ന് എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍, ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോയി മാത്യു എന്നിവര്‍ പറഞ്ഞു.
അപേക്ഷകള്‍ സ്വീകരിച്ച് പഞ്ചായത്തിന്റെ സഹകരണത്തോടെ അര്‍ഹരെന്നു കണ്ടെത്തിയ ആദിവാസി കുടുംബങ്ങള്‍ക്കായാണ് സൊസൈറ്റി പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മിക്കുന്നത്. 370 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഓരോ വീടും. കിടപ്പുമുറി, അടുക്കള, സിറ്റൗട്ട്, ഹാള്‍, ടോയ്‌ലറ്റ് എന്നിവ ഓരോ വീടിന്റെയും ഭാഗമാണ്. ഓരോ വീട്ടിലേക്കും ആവശ്യമായ ഫര്‍ണിച്ചറും സൊസൈറ്റി നല്‍കും. ഒരു വീടിന്റെ നിര്‍മാണത്തിനും ഫര്‍ണിച്ചറിനുമായി ഏകദേശം നാലു ലക്ഷം രൂപയാണ് സൊസൈറ്റി ചെലവഴിക്കുന്നതെന്നു സെക്രട്ടറി പറഞ്ഞു.
ജില്ലയില്‍ രണ്ടു വര്‍ഷമായി സൊസൈറ്റി സജീവമാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ചലച്ചിത്ര നടന്‍ ചെതലയം പൂവഞ്ചി കോളനിയിലെ മണിക്ക് സൊസൈറ്റി നേരത്തേ വീട് നിര്‍മിച്ചു നല്‍കിയിരുന്നു. സദ്ഗ്രഹ പദ്ധതിയില്‍ സൊസൈറ്റി അട്ടപ്പാടിയില്‍ ആയിരം വീടുകളുടെ നിര്‍മാണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."