സഊദിയില്‍ മലയാളിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാറുമായി അക്രമി സംഘം കടന്നുകളഞ്ഞു
ജിദ്ദ: മലയാളിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാറുമായി കടന്നു കളഞ്ഞു. റിയാദിലെ മലസിലെ ഒരു ട്രാവല്സില് ജോലി ചെയ്യുന്ന കോട്ടയം തലയോലപ്പറമ്പ് സ്വദേശി മാര്ട്ടിന് കുര്യന്റെ കാറാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ ശുമേസിയിലാണ് സംഭവം.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഒരു മണിക്ക് ശേഷമാണ് മാര്ട്ടിന് ശുമേസിയിലെ താമസസ്ഥലത്ത് എത്തിയത്. വീടിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങവെ പതുങ്ങി നില്‍ക്കുകയായിരുന്ന കവര്‍ച്ചാ സംഘം ഇദ്ദേഹത്തെ വളയുകയായിരുന്നു. ഒരാള്‍ കത്തി കഴുത്തില്‍ വെച്ച് ഒച്ചയെടുത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മറ്റൊരാള്‍ പഴ്സും മൊബൈലും പിടിച്ചെടുത്തെങ്കിലും പഴ്സില്‍ പണമില്ലാത്തതിനാല്‍ തിരിച്ചുനല്‍കി. മൊബൈല്‍ തിരിച്ചുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംഘം അതിനും വഴങ്ങി. പിന്നീട് കീശയിലുണ്ടായിരുന്ന പണം അവരെടുത്തു. ശേഷം അവരിലൊരാള്‍ കാറുമായി കടന്നു കളഞ്ഞു. മറ്റുള്ളവര്‍ നേരത്തെ അവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ സ്ഥലം വിട്ടു.ഇയാളുടെ പരാതിയില്‍ ദീര പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."