ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ പ്രാഥമികാരോഗ്യ കേന്ദ്രം; കണ്ടില്ലെന്ന് നടിച്ച് അധികാരികള്‍
പള്ളിക്കല്‍: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ പ്രവര്‍ത്തിക്കുന്ന പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസേനയെത്തുന്ന രോഗികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.
തിരക്കേറിയ പ്രാഥമികാരോഗ്യ കേന്ദത്തില്‍ ഒരു ഡോക്ടറെ ക്കൂടി നിയമിക്കണമെന്നാവശ്യപ്പെട്ട് രോഗികളും നാട്ടുകാരും മുറവിളി കൂട്ടാന്‍ തുടങ്ങിയിയിട്ട് വര്‍ഷങ്ങളേറെയായെങ്കിലും പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെ തയാറായിട്ടില്ല. ഡോക്ടറുടെ കുറവ് മൂലം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഇവിടെ രോഗികള്‍ക്ക് പരിശോധന നടത്തുന്നത്. മറ്റു ദിവസങ്ങളില്‍ കുത്തി വെയ്പിനായി സബ്.സെന്ററുകളില്‍ പോകുന്നതിനാല്‍ ഇവിടത്തെ ചികിത്സക്ക് തടസമാകുന്നു.
പരിശോധനാ ദിവസങ്ങളില്‍ മുന്നൂറിലേറെ രോഗികളാണ് ഇവിടെ ചികിത്സക്കായെത്തുന്നത്. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ ഇവിടത്തെ തിരക്ക് കാരണം സമീപ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുകയാണ് മിക്ക രോഗികളും. പത്ത് ബെഡുകളും കിടത്തി ചികിത്സക്കാവശ്യമായ റൂം സൗകര്യവുമുള്ള ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ തുടങ്ങാത്തതിനാല്‍ ഇവിടെയുള്ള ബെഡുകളും കട്ടിലുകളും മറ്റു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന വേളയില്‍ നിലവിലുണ്ടായിരുന്ന ഡോക്ടറും ലീവില്‍ പോയതോടെ പകരക്കാരായി വരുന്ന ഡോക്ടര്‍മാരെ കാത്തിരിക്കേണ്ട ദുരവസ്ഥയാണ് രോഗികള്‍ക്കിപ്പോള്‍. സ്ഥിരം ഡോക്ടറില്ലാത്തത് ഡെങ്കിപ്പനിയുള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായുള്ള പതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ ഡോക്ടറില്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്നും പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണങ്ങളും കൃത്യമായ രീതിയില്‍ നടത്തുന്നുണ്ടെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജ നോബിള്‍, അഡി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഊഫ് എന്നിവര്‍ പറഞ്ഞു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിച്ച് ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും പ്രശ്‌ന പരിഹാരത്തിന് സ്ഥലം എം.എല്‍.എ അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."