ഉപതെരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ലീഗ്
കാസര്‍കോട്: അഞ്ചിടത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി മുസ്്‌ലിം ലീഗ്. അന്തരിച്ച പി.ബി അബ്ദുള്‍ റസാഖിന്റെ പിന്‍ഗാമിയാക്കാന്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ലീഗ് നേതൃത്വം നിയോഗിച്ചത് ജില്ലാ അധ്യക്ഷന്‍ കൂടിയായ എം.സി ഖമറുദ്ദീനെ.
ഉപതെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ട പേരായിരുന്നു ഖമറുദ്ദീന്റെത്. അതുകൊണ്ടുതന്നെ അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ് ഈ സ്ഥാനലബ്ദിയെ യു.ഡി.എഫ് അണികളും നേതാക്കളും കാണുന്നത്.
താഴെത്തട്ടു മുതല്‍ പ്രവര്‍ത്തിച്ച് ഉന്നത നിലയിലെത്തിയ തൃക്കരിപ്പൂര്‍ സ്വദേശിയായ എം.സി ഖമറുദ്ദീന്‍ ബിരുദധാരിയും മികച്ച ഗായകനും വാഗ്മിയുമാണ്. എം.എസ്.എഫ് പ്രവര്‍ത്തകനായി സജീവ രാഷ്ട്രീയത്തില്‍ എത്തിയ ഖമറുദ്ധീന്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഏതാനും വര്‍ഷങ്ങളായി കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയാണ്. കൂടാതെ യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമാണ്.
1995 മുതല്‍ 2000 വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാനായും 2005 മുതല്‍ 2010 വരെ ജില്ലാ പഞ്ചായത്ത് അംഗമായും ഡി.പി.സി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് സെക്രട്ടറി, കാസര്‍കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
കോഴിക്കോട് സര്‍വകലശാല യൂനിയന്‍ എക്‌സിക്യൂട്ടീവ് അംഗം, സര്‍ സയ്യിദ് കോളജ് യൂനിയന്‍ എഡിറ്റര്‍, യു.യു.സി, കെ.എസ്.ആര്‍.ടി.സി. അഡൈ്വസര്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് മലബാര്‍ സിമന്റ്‌സ് കോര്‍പറേഷന്‍ ഡയരക്ടറും ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമാണ്.
യു.ഡി.എഫിന്റെ എക്കാലത്തേയും ഉരുക്കുകോട്ടയായ മഞ്ചേശ്വരത്ത് വിജയം ആവര്‍ത്തിക്കാന്‍ തന്നെ ലക്ഷ്യമിട്ടാണ് ലീഗ് നേതൃത്വം ഖമറുദ്ദീനെ ഗോദയില്‍ ഇറക്കിയിരിക്കുന്നത്. പ്രാദേശിക വാദം ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥി ചര്‍ച്ച പാണക്കാട് വരെ നീണ്ടിരുന്നു.
ലീഗിന്റെ ചരിത്രത്തില്‍ അധികം കേള്‍ക്കാത്ത ചില പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നുവെങ്കിലും ഇന്നലെ വൈകീട്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഖമറുദ്ധീന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ പതിവുപോലെ വിവാദങ്ങളും അടങ്ങി. തെരഞ്ഞെടുപ്പ് ചുമതലയുള്ള പി.കെ കുഞ്ഞാലിക്കുട്ടി എം.പി മണ്ഡലത്തിലെത്തുന്നതോടെ അവശേഷിക്കുന്ന ചെറിയ അപശബ്ദങ്ങളും ഇല്ലാതാകുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.
1987 മുതല്‍ 2006 വരെ തുടര്‍ച്ചയായ 19 വര്‍ഷം മുസ്‌ലിം ലീഗിലെ ചെര്‍ക്കളം അബ്ദുല്ലയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006 ല്‍ സി.പി.എമ്മിലെ സി.എച്ച്.കുഞ്ഞമ്പു വിജയിച്ചു. 2011 ല്‍ കന്നിയങ്കത്തില്‍ പി.ബി അബ്ദുല്‍ റസാഖ് മണ്ഡലം തിരിച്ചു പിടിച്ചു.
സിറ്റിങ് എംഎല്‍എയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. 2016ല്‍ പി. ബി അബ്ദുള്‍ റസാഖിന്റെ വിജയം 89 വോട്ടുകള്‍ക്കായിരുന്നു. 2018 ഒക്ടോബര്‍ 20ന് റസാഖ് എം.എല്‍.എ നിര്യാതനായി. തെരഞ്ഞെടുപ്പ് കേസ് കോടതിയില്‍ ഉള്ളതിനാല്‍ പാലക്കൊപ്പം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയില്ല. ഇപ്പോള്‍ ഒരു വര്‍ഷത്തിനുശേഷമാണ് മണ്ഡലത്തിന് ഒരു ജനപ്രതിനിധിയെ കിട്ടാന്‍ അവസരമൊരുങ്ങുന്നത്.
പടന്ന എടച്ചാക്കൈയിലെ പരേതനായ എ.സി. മുഹമ്മദ്ക്കുഞ്ഞി ഹാജിയുടെയും എം.സി മറിയുമ്മയുടെയും മകനാണ് .ഭാര്യ: എം.ബി റംലത്ത്. മക്കള്‍: ഡോ. മുഹമ്മദ് മിദ്‌ലാജ്. മുഹമ്മദ് മിന്‍ഹാജ്, മറിയംബി, മിന്‍ഹത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."