കോന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി: റോബിന്‍ പീറ്ററിനായി വാദിച്ച് യൂത്ത് കോണ്‍ഗ്രസ്: സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ രാജി ഭീഷണി മുഴക്കി 10 മണ്ഡലം പ്രസിഡന്റുമാര്‍
പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി എങ്ങുമെത്തിയില്ല. നേരത്തെ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എറണാകുളത്തും എല്ലാം പ്രശ്‌നങ്ങള്‍ പൊട്ടിത്തറിയിലേക്കെത്തിയിരിക്കുന്നു. കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ കൂട്ടരാജിയിലേക്കു നീങ്ങുകയാണ് കാര്യങ്ങള്‍. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലേയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍മാരും പ്രവര്‍ത്തകരും സ്ഥാനം രാജിവെക്കുമെന്നാണ് ഭീഷണി മുഴക്കുന്നത്.
അടൂര്‍ പ്രകാശ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. എന്നാല്‍ എം.പിയുടെ നോമിനി സ്ഥാനാര്‍ഥിയായ റോബിന്‍ പീറ്ററിനെ കോന്നിയില്‍ സ്ഥാനാര്‍ഥി ആക്കണമെന്നുതന്നെയാണ് ഇവരുടേയും ആവശ്യം. എന്നാല്‍ ഇത് കെ.പി.സിസി അംഗീകരിക്കുന്നില്ല. നിര്‍വാഹക സമിതിയില്‍ എതിര്‍ ശബ്ദമുയര്‍ത്തുന്നവരില്‍ സ്ഥാനാര്‍ഥിക്കുപ്പായമിട്ടവരുമുണ്ട്.
പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ഥി ആക്കാന്‍ അടൂര്‍ പ്രകാശ് എം.പി ശ്രമിക്കുന്നുവെന്നായിരുന്നു ഡി.സി.സി അംഗങ്ങളുടെ പരാതി. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ റോബിനെതിരെ ഇവര്‍ രംഗത്തെത്തിയിരുന്നു. ഇതെചൊല്ലി അടൂര്‍ പ്രകാശും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജും തമ്മില്‍ വാഗ്വോദവും തുടങ്ങി.
ഡി.സി.സി നേതൃത്വത്തിനെതിരേ അടൂര്‍ പ്രകാശും രംഗത്തെത്തി. വിജയസാധ്യതയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കേണ്ടതെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. ഇതിന് ജാതി സമവാക്യം ആവശ്യമില്ല. അതുകൊണ്ട് അദ്ദേഹം റോബിനായി സമൂഹ മാധ്യമങ്ങളെ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഉയര്‍ന്നതിന് പിന്നാലെയാണ് പരസ്യ നിലപാടുമായി കെ.പി.സി.സി അംഗം പഴകുളം മധു രംഗത്തെത്തിയത്. റോബിനൊപ്പം സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നയാളാണ് പഴകുളം മധു.
എന്നാല്‍ സ്ഥാനാര്‍ഥി വിഷയത്തില്‍ പരസ്യപ്രതികരണം വന്നതോടെ ഡി.സി.സി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സാമുദായിക സമവാക്യം കൂടെ പരിഗണിച്ചാകണം സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ടത് എന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. എന്നാല്‍ നേതൃത്വത്തിന്റെ നിലപാടിനെതിരേ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍ മണ്ഡലത്തിലെ 10 യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരും പ്രവര്‍ത്തകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."